മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു
Senior CPM leader Baby John passed away: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ തടവിൽക്കഴിയുകയും നിരവധി പോലീസ് മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

Cpm Leader Baby John Passed Away
തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ തടവിൽക്കഴിയുകയും നിരവധി പോലീസ് മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി, കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു.
1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് ബേബി ജോണിന് പൊലീസ് മർദനമേറ്റിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി.
1971 മുതൽ തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചുവന്നു. പിന്നീട് പൊലീസ് നടപടികളെത്തുടർന്ന് ഒന്നരക്കൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1984 മുതൽ 97 വരെ സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റിയംഗവും 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്.
ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 ജൂലൈയിൽ സിപിഎം തൃശൂർ ജില്ലാസെക്രട്ടറിയായി. മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. ഭാര്യ പരേതയായ ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക്).
English Summary
Senior CPM leader and former state secretariat member Baby John (74) has passed away. A leader who spearheaded numerous agitations, he endured imprisonment—including during the Emergency—and suffered severe police brutality. He served in various capacities, including as CPM Thrissur District Secretary, CITU Thrissur District Secretary, State Vice President of the Kerala Beedi and Cigar Workers’ Federation, and District Secretary of the Fishermen’s Union, as well as holding office at the state federation level.