Agricultural University Fee Hike Protest: കാർഷിക സർവകലാശാല ഫീസ് വർധന; വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം, വസതിയിലേക്ക് മാർച്ച്
SFI Protests Against Agricultural University Fee Hike: വിസിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. മുപ്പതോളം പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്.

മണ്ണുത്തിയിലെ കാർഷിക സർവകലാശാല
തിരുവനന്തപുരം: മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ സർവകലാശാല വൈസ് ചാൻസലർക്കെതിരെ പ്രതിഷേധം. ഡോ ബി അശോകിന്റെ വാഹനം തടയാൻ ശ്രമം നടത്തി എസ്എഫ്ഐ പ്രവർത്തകർ. തമ്പാവൂർ റെയിൽവെ സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ വിസിക്കെതിരെ മുദ്രവാക്യം വിളികളുമായി ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി.
വിസിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. മുപ്പതോളം പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സംഭവത്തിൽ ജില്ലാ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ സെക്രട്ടറി നന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആഷിക്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഫീസ് വർധന പിൻവലിക്കും വരെ സമരം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. എന്നാൽ, കാർഷിക സർവകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വർധിപ്പിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
2025-26 അധ്യയന വർഷത്തേക്കുള്ള സെമസ്റ്റർ ഫീസാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ വർധിപ്പിച്ചത്. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18,780 രൂപയിൽ നിന്നും 49,990 ആയി ഉയർത്തി. പിജി വിദ്യാർഥികളുടെ ഫീസ് 17,845 രൂപയിൽ നിന്ന് 49,500 രൂപയായി ഉയർത്തിയപ്പോൾ, ഡിഗ്രി വിദ്യാർഥികളുടേത് 12,000 രൂപയിൽ നിന്ന് 48,000 രൂപയായി ഉയർത്തികൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
നേരത്തെ, സർവകലാശാല എക്‌സിക്യൂട്ടീവുമായി ചർച്ച ചെയ്ത ശേഷം മാത്രമേ ഫീസ് വർധിപ്പിക്കുകയുള്ളൂ എന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും, ഓണ അവധിക്ക് തൊട്ടുമുൻപ് ഫീസ് കുത്തനെ ഉയർത്തുകയായിരുന്നു. ഒറ്റയടിക്ക് ഇരട്ടിയിലേറെ ഫീസ് വർധിപ്പിക്കുന്നത് താങ്ങാൻ കഴിയില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.