AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijil Missing Case: വിജിൽ തിരോധാനക്കേസ്; സുഹൃത്തുക്കൾ കുഴിച്ചുമൂടിയ ഷൂ കണ്ടെത്തി, നാളെയും തിരച്ചിൽ തുടരും

Kozhikode Vigil Missing Case Update: കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തിരച്ചിലിൽ ആണ് വിജിലിന്റെതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്. ഇടത്തേ കാലിൽ ധരിക്കുന്ന ഷൂവാണ് കണ്ടെത്തിയിട്ടുള്ളത്.

Vijil Missing Case: വിജിൽ തിരോധാനക്കേസ്; സുഹൃത്തുക്കൾ കുഴിച്ചുമൂടിയ ഷൂ കണ്ടെത്തി, നാളെയും തിരച്ചിൽ തുടരും
വിജിൽ Image Credit source: Social Media
nandha-das
Nandha Das | Published: 10 Sep 2025 21:28 PM

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. വിജിലിന്റെതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി. ഷൂ പ്രതികൾ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് വിജിലിന്റെ വുഡ്‌ലാൻഡ് ഷൂ ചതുപ്പിൽ നിന്ന് എലത്തൂർ പോലീസ് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ നാളെ തുടരും.

കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തിരച്ചിലിൽ ആണ് വിജിലിന്റെതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്. ഇടത്തേ കാലിൽ ധരിക്കുന്ന ഷൂവാണ് കണ്ടെത്തിയിട്ടുള്ളത്. ചതുപ്പിൽ ഏകദേശം ആറ് മീറ്ററോളം താഴ്ചയിൽ നിന്നുമാണ് ഷൂ ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്ന് പ്രതികളായ നിഖിൽ, ദീപേഷ് എന്നിവർ മൊഴി നൽകിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ സാന്നിധ്യത്തിൽ ആണ് തിരച്ചിൽ പുരോഗമിക്കുന്നത്.

ഷൂ ശാസ്ത്രീയ പരിശോധകൾക്കായി അയച്ചിട്ടുണ്ട്. വിജിലിനെ ചവിട്ടിത്താഴ്ത്തിയെന്ന് പ്രതികൾ പറഞ്ഞ സ്ഥലത്തിന് സമീപത്ത് നിന്നുമാണ് ഷൂ കണ്ടെത്തിയത്. എന്നാൽ, തിരച്ചിൽ ആരംഭിച്ച് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴും മൃതദേഹത്തിന്റെ മറ്റ് അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മണ്ണുമാന്തി യന്ത്രങ്ങളും മറ്റും എത്തിച്ചാൽ തിരച്ചിൽ നടത്തുന്നത്. ലാൻഡ് പെനറ്ററേറ്റിംഗ് റഡാറും, മൃതദേഹം കണ്ടുപിടിക്കാൻ പരിശീലനം ലഭിച്ച കഡാവർ നായകളേയും തിരച്ചലിനായി ഉപയോഗിക്കുന്നുണ്ട്.

ALSO READ: ബുള്ളറ്റിൽ കറങ്ങി ലഹരി വിൽപന; പിടിയിലായത് പല തവണ; ‘ബുള്ളറ്റ് ലേഡിയെ’ കരുതൽ തടങ്കലിലാക്കി എക്സൈസ്

2019 മാർച്ച് 24നാണ് കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി കെടി വിജിലിനെ കാണാതായത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കൾ ചേർന്ന് സരോവരത്തെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ. രണ്ടാം പ്രതിയായ രഞ്ജിത്തിനെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ, വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.