ശ്രീനാദേവി കുഞ്ഞമ്മ അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ സംഭവം: എസ്പിയോട് റിപ്പോർട്ട് തേടി ഡിജിപി
Adoor Police Station Trespass Controversy: അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൻറെയും ലോക്കപ്പിലെ പ്രതിയോട് സംസാരിക്കാൻ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരം കൊടുത്തതിൻറെ സാഹചര്യം വിശദമാക്കാൻ ജില്ലാ പോലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടി ഡിജിപി റാവാഡ ചന്ദ്രശേഖർ. അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൻറെയും ലോക്കപ്പിലെ പ്രതിയോട് സംസാരിക്കാൻ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരം കൊടുത്തതിൻറെ സാഹചര്യം വിശദമാക്കാൻ ജില്ലാ പോലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമം ഉണ്ടായത്, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയാകുകയായിരുന്നു. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നുകാട്ടി ശ്രീനാദേവി കുഞ്ഞമ്മ യൂട്യൂബർ രാജൻ ജോസഫിനെതിരേ പരാതി നൽകിയിരുന്നു.
ശ്രീനാദേവിയുടെ പരാതിയിൽ, യൂട്യൂബറെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. രാജൻ ജോസഫുമായി എത്തിയ പോലീസ് ജീപ്പ് തടഞ്ഞു നിർത്തി ശ്രീനാദേവിയും സംഘവും ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നു.
പോലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നിലെത്തി രാജൻ ജോസഫിനോട് ശ്രീനാദേവി സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആർ. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ എഫ്ഐആറിൽ രേഖപ്പെടുത്താൻ പോലീസ് തയ്യാറായിരുന്നില്ല. ഈ കേസിൽ പിന്നീട് അന്വേഷണങ്ങൾ കാര്യമായി ഉണ്ടായതുമില്ല.
എന്നാൽ സിപിഎം വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പോലീസ് സ്റ്റേഷൻ അതിക്രമം ചർച്ചയായത്. വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ ഡിജിപിയുടെ ഇടപെടലിന് പിന്നാലെ ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഇതിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ, ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്തോ എന്നുള്ള വിവരങ്ങൾ ഡിവൈഎസ്പി പരിശോധിക്കും.
പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം പോലീസിന് വീഴ്ചയുണ്ടോയെന്ന് ഡിജിപി തീരുമാനിക്കും. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വഭാവികമെന്നും അതിനപ്പുറം സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നുമാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. അതേസമയം, പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചിരിക്കുന്നത്.
English Summary
Following the emergence of CCTV footage showing an incident of misconduct at the Adoor Police Station- led by District Panchayat member and Congress leader Sreenadevi Kunjamma along with Feni Ninan-DGP Ravada Chandrasekhar has sought a report on the matter from the Pathanamthitta Superintendent of Police (SP). Speaking to the media, the DGP remarked that the misconduct by the elected representatives at the Adoor Police Station is a serious issue.