കള്ളനും പ്രിയം ഈ പ്രിയദർശിനി! വെറും 2 മോഷണം, നഷ്ടം 5 പവൻ; കള്ളന് നേട്ടം 5 ലക്ഷം
Thieves in Kerala love Priyadarshini buses: സൗജന്യയാത്ര കണക്കിലെടുത്ത് സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ തിക്കും തിരക്കും കള്ളന്മാർക്ക് വൻ അവസരങ്ങളാണ് തുറന്ന് നൽകിയിരിക്കുന്നത്. മോഷ്ടിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഇപ്പോൾ കള്ളന്മാർക്ക് ബസുകളിൽ ലഭ്യമായിരിക്കുന്നു എന്നതിനാൽത്തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മോഷണങ്ങളുടെ എണ്ണം വർധിക്കാൻ തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട്: കള്ളന്മാർക്ക് കേരളത്തിലെ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളോട് പ്രിയമേറുന്നു. സൗജന്യയാത്ര കണക്കിലെടുത്ത് സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ തിക്കും തിരക്കും കള്ളന്മാർക്ക് വൻ അവസരങ്ങളാണ് തുറന്ന് നൽകിയിരിക്കുന്നത്. മോഷ്ടിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഇപ്പോൾ കള്ളന്മാർക്ക് ബസുകളിൽ ലഭ്യമായിരിക്കുന്നു എന്നതിനാൽത്തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മോഷണങ്ങളുടെ എണ്ണം വർധിക്കാൻ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ട് രണ്ട് റൂട്ടുകളിലെ രണ്ട് ബസുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ മാത്രം ഏതാണ്ട് 5 പവൻ ആണ് നഷ്ടമായത്. നിലവിലെ സ്വർണവില പരിഗണിക്കുമ്പോൾ ഇതിലൂടെ മോഷ്ടാക്കളുടെ കൈയിലേക്ക് എത്തിയത് ഏതാണ്ട് 5 ലക്ഷത്തോളം രൂപയാണ്.
കള്ളന്മാർ എന്ന് പൊതുവിൽ പറയുന്നുവെങ്കിലും ബസുകളിലെ മോഷണങ്ങളിൽ പുരുഷ മോഷ്ടാക്കളെക്കാൾ കൂടുതൽ സാധ്യതകൾ സ്ത്രീ മോഷ്ടാക്കൾക്കാണ്. തിക്കിലും തിരക്കിലും പുരുഷന്മാർ സ്ത്രീകൾക്കിടയിൽ നിൽക്കുക അൽപ്പം ബുദ്ധിമുട്ടാണ്, എന്നാൽ കൂട്ടത്തിൽ നിൽക്കുന്ന സ്ത്രീകൾക്ക് മോഷണം കുറച്ചുകൂടി എളുപ്പമാണ്. അതിനാൽത്തന്നെ സ്ത്രീയാത്രക്കാർ ഏറ്റവുമധികം ഭയക്കേണ്ടതും സ്ത്രീകളായ മോഷ്ടാക്കളെ തന്നെയാണ്.
Also Read: കൂടുതൽ അധ്യാപകർക്ക് പങ്കോ? എം.ഡി.എം.എ കേസിൽ അന്വേഷണം വിപുലമാക്കാൻ എസ്.ഐ.ടി
സ്വകാര്യ ബസുകളിൽ ക്യാമറയുണ്ട്
കേരളത്തിലെ ഏറെക്കെുറെ സ്വകാര്യ ബസുകളിലെല്ലാം ഇപ്പോൾ ക്യാമറയുണ്ട്. എന്നാൽ സർക്കാരിന്റെ പ്രിയദർശനി പദ്ധതിയുടെ പരിധിയിൽ വരുന്ന കെഎസ്ആർടിസി ബസുകളിൽ ക്യാമറ സംവിധാനങ്ങളില്ല. നിറയെ സ്ത്രീകൾ, തിരക്ക് എന്നിവയ്ക്ക് പുറമെ ക്യാമറകൾ ഇല്ല എന്നതും പ്രിയദർശിനി ബസുകളിൽ മോഷ്ടാക്കൾക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുന്നു.
ഒരുകാലത്ത് ബസിൽ പോക്കറ്റടിയായിരുന്നു സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ പ്രിയദർശിനി ബസുകളിൽ ഇപ്പോൾ മാല മോഷണമാണ് ട്രെൻഡ്. ഒത്താൽ പണവും കള്ളന്മാർ കൊണ്ടുപോകും. സ്വർണത്തിന്റെ വില കണക്കിലെടുക്കുമ്പോൾ മോഷ്ടാവിന് ചാകരയാണ്, മറുവശത്ത് സ്വർണം നഷ്ടമാകുന്നവന് അറ്റാക്കിന് വരെ സാധ്യതയുണ്ടാക്കാൻ പോന്ന ഞെട്ടലാണ് ഈ മോഷണങ്ങൾ സമ്മാനിക്കുക.
കേരളത്തിലെ പ്രിയദർശിനി ബസുകളിലെ മോഷണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൂടിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ കോഴിക്കോടുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്ന് യാത്രക്കാരിയുടെ 2 പവൻ്റെ മാല നഷ്ടമായി. മറ്റൊരു മോഷണത്തിൽ പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ മൂന്ന് പവൻ മാലയാണ് പോയത്.
ബസിലെ തിരക്ക് മുതലെടുത്താണ് ഈ മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് മോഷണങ്ങളിലുമായി കള്ളന്മാരുടെ കൈയിലേക്ക് എത്തിയത് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയാണ്. സ്വർണം മാത്രമല്ല, പണവും മോഷണം പോകുന്നുണ്ട്. കഴിഞ്ഞയാഴ്ച കോഴിക്കോട് – തിരുവമ്പാടി റൂട്ടിലെ പ്രിയദർശിനി ബസിൽ നിന്ന് അതിഥി തൊഴിലാളിയുടെ 15000 രൂപ നഷ്ടമായിരുന്നു.
കോഴിക്കോടുനിന്ന് മാത്രം ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതാണ് ഈ രണ്ട് മോഷണങ്ങൾ. ഇതേ രീതിയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രിയദർശിനി ബസുകളിൽ മോഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കുള്ള പ്രിയദർശിനി ബസുകളിൽ ഇടിച്ചുകയറുന്ന സ്ത്രീകൾ തങ്ങളുടെ ആഭരണങ്ങളിന്മേൽ പ്രത്യേക കരുതൽ പുലർത്തണം എന്ന് ഈ സംഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്.
English Summary
When women flocked to KSRTC ordinary buses in large numbers to avail the free Priyadarshini travel, the rush and congestion created a huge opportunity for thieves. Two women lost their gold necklaces in two incidents in Kozhikode the other day. Considering the current gold price, the loss was around five lakh rupees.