VV Rajesh: അക്കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ല; ആര്യാ രാജേന്ദ്രനെ വ്യക്തിപരമായി വേട്ടയാടുന്നില്ലെന്ന് വി.വി രാജേഷ്
VV Rajesh: അന്വേഷണം നടത്തുന്ന കാര്യത്തിൽ സമയം ആകുമ്പോൾ തീരുമാനമെടുക്കുമെന്നും രാജേഷ്....
തിരുവനന്തപുരം : മുൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നില്ല എന്ന് മേയർ വി വി രാജേഷ്. അധികാരം നേടിയാൽ ആര്യയ്ക്കും ഭരണസമിതിക്കും എതിരായ അഴിമതി ആരോപണങ്ങളിൽ കോർപ്പറേഷൻ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടത്തുന്ന കാര്യത്തിൽ സമയം ആകുമ്പോൾ തീരുമാനമെടുക്കുമെന്നും രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചതിനു പിന്നാലെ മുൻ എംഎൽഎ വികെ പ്രശാന്തിനെതിരെയാണ് ബിജെപിയുടെ ആദ്യ കരുനീക്കം. എന്നാൽ നിയമസഭാ കാലാവധി കഴിയും വരെ തുടരാൻ 10 മാസം മുമ്പ് തന്നെ കോർപ്പറേഷന് കത്ത് നൽകിയതായി പ്രശാന്ത് മറുപടി നൽകി. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് നിലവില്‍ വട്ടിയൂർക്കാവ് എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
തന്റെ ഓഫീസിന്റെ സൗകര്യപ്രദമായ പ്രവര്‍ത്തനം നടത്തുന്നതിനായി എംഎല്‍എ ഓഫീസ് മാറ്റിത്തരണമെന്നാണ് ശ്രീലേഖയുടെ ആവശ്യം. ഫോണിലൂടെയാണ് പ്രശാന്തിനോട് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ ഓഫീസായി കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്നാണ് റിപ്പോർട്ട്. ഈ വാടക കാലാവധി അടുത്ത മാര്‍ച്ച് വരെയാണ്.അതേസമയം എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
കൗണ്‍സിലര്‍മാര്‍ക്ക് ഓഫീസ് ആവശ്യമുണ്ടെങ്കിൽ മേയര്‍ മുഖേനയാണ് അനുമതി ലഭിക്കുന്നത്. കോര്‍പ്പറേഷന്‍റെ കെട്ടിട സൗകര്യം ലഭ്യമാണോ അല്ലയോ എന്ന കാര്യം ഇതുപ്രകാരം സെക്രട്ടറി പരിശോധിച്ചുറപ്പിക്കും. സ്വന്തം വാര്‍ഡില്‍ കോര്‍പ്പറേഷന്‍ കെട്ടിടം ഇല്ലെങ്കിൽ മറ്റ് കെട്ടിടങ്ങള്‍ വാടയ്ക്ക് എടുക്കാവുന്നതാണ്. ഈ കെട്ടിടങ്ങള്‍ക്ക് പ്രതിമാസം 8,000 രൂപ വരെയാണ് കോര്‍പ്പറേഷന്‍ വാടക നല്‍കുക.