Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ കൊല്ലംക്കാർക്ക് നേട്ടമാകുമോ? തെക്കിന്റെ യാത്രാമുഖം മാറും!
Thiruvananthapuram Metro Project Updates: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, അയൽ ജില്ലയായ കൊല്ലത്തിനും വളരെയധികം നേട്ടമുണ്ടാകും. കൊല്ലത്തുനിന്ന് പ്രതിദിനം ജോലി ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി ആയിരക്കണക്കിന് ആളുകളാണ് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തലസ്ഥാന നഗരത്തിന്റെ യാത്രാമുഖത്തിന് വൻ മാറ്റങ്ങൾ നൽകാൻ തിരുവനന്തപുരം മെട്രോ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. നിലവിൽ, മെട്രോ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയും ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ നിന്നും ലഭിച്ച വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്.
കൊല്ലത്തിന് നേട്ടമാകുമോ?
തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ, അയൽ ജില്ലയായ കൊല്ലത്തിനും വളരെയധികം നേട്ടമുണ്ടാകും. കൊല്ലത്തുനിന്ന് പ്രതിദിനം ജോലി ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് മെട്രോ വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ.
കൊല്ലത്ത് നിന്ന് ധാരാളം ഐ.ടി പ്രൊഫഷണലുകൾ കഴക്കൂട്ടത്തേക്കും ടെക്നോപാർക്കിലേക്കും ദിവസേന യാത്ര ചെയ്യുന്നുണ്ട് . കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം മേഖലകളെ മെട്രോ നേരിട്ട് ബന്ധിപ്പിക്കുന്നതോടെ ദേശീയ പാതയിലെയും കഴക്കൂട്ടം ജംഗ്ഷനിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടാതെ ടെക്നോപാർക്കിന്റെ വിവിധ ഫേസുകളിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ ഇവർക്ക് സാധിക്കും.
ALSO READ: പാപ്പനംകോടും ആനയറയിലും മൊബിലിറ്റി ഹബ്ബുകൾ; തിരുവനന്തപുരം മെട്രോ സ്റ്റേഷനുകൾ എവിടെയെല്ലാം?
തിരുവനന്തപുരം മെഡിക്കൽ കോളേജ്, റീജിയണൽ കാൻസർ സെന്റർ (RCC), ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് കൊല്ലത്ത് നിന്നെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും മെട്രോ വലിയ അനുഗ്രഹമാകും. തമ്പാനൂരിലോ കൊച്ചുവേളിയിലോ ട്രെയിൻ, ബസ് ഇറങ്ങുന്നവർക്ക് ടാക്സികളെ ആശ്രയിക്കാതെ നേരിട്ട് മെട്രോ വഴി മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് തടസ്സമില്ലാതെ എത്താം. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ആനയറ മൾട്ടിമോഡൽ ഹബ്ബ് വഴി ബന്ധിപ്പിക്കുന്നതിനാൽ കൊല്ലത്തുനിന്നുള്ള പ്രവാസികൾക്കും ദീർഘദൂര യാത്രക്കാർക്കും മെട്രോ വഴി സമയം ലാഭിക്കാനും സാധിക്കുന്നതാണ്.
അതുപോലെ, ആദ്യഘട്ടം കഴക്കൂട്ടം മേഖലകളെ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ നാഷണൽ ഹൈവേ വഴി ആറ്റിങ്ങലിലേക്ക് മെട്രോ നീട്ടുന്നതോടെ കൊല്ലം അതിർത്തിയോട് ചേർന്നുള്ള യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് നേരിട്ട് മെട്രോയിലേക്ക് മാറി യാത്ര സുഗമമാക്കാനും സാധിക്കുച്ചേക്കും.
പ്രധാന വിവരങ്ങൾ
- പാപ്പനംകോട് നിന്നാരംഭിച്ച് കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, കൊച്ചുവേളി, തിരുവനന്തപുരം വിമാനത്താവളം വഴി ഈഞ്ചക്കൽ വരെയാണ് മെട്രോയുടെ 31 കിലോമീറ്റർ പാത.
- മെട്രോ, റോഡ്, റെയിൽ (കൊച്ചുവേളി സ്റ്റേഷൻ), വ്യോമ (വിമാനത്താവളം), ജലഗതാഗതം (പാർവ്വതി പുത്തനാർ) എന്നിവയെ കോർത്തിണക്കുന്ന പ്രധാന ഹബ്ബായി ആനയറ മാറും.
- ദക്ഷിണ ഭാഗത്തുനിന്നുള്ള യാത്രക്കാർക്കായി വലിയ പാർക്കിംഗ് സൗകര്യത്തോടെ ഇന്റർമോഡൽ ട്രാൻസിറ്റ് പോയിന്റ് നിർമ്മിക്കും.
- മെട്രോ റെയിൽ യാർഡിനായി കഴക്കൂട്ടത്ത് സൗകര്യമൊരുക്കും.
English Summary:
Thiruvananthapuram Metro is expected to bring significant benefits to the neighbouring district of Kollam as well. Thousands of people travel daily from Kollam to Thiruvananthapuram for work, higher education and medical treatment.