School Van Falls Into Ditch: തിരുവനന്തപുരത്ത് സ്‌കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; 32 കുട്ടികൾക്ക് പരിക്ക്
Vattiyoorkavu School Van Falls Into Ditch: പരിക്കേറ്റ കുട്ടികൾ നിലിവിൽ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.
തിരുവനന്തപുരം: വട്ടിയൂർക്കാവ് മലമുകളിൽ കുട്ടികളുമായി പോയ സ്‌കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞ് അപകടം. വാനിൽ ഉണ്ടായിരുന്ന 32 കുട്ടികൾക്കും പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നതാണ് ആശ്വാസകരം. ഇന്ന് രാവിലെ 9.30 ഓടേയാണ് സ്കൂളിലേക്ക് പോകുംവഴിയാണ് സംഭവം. സെന്റ് സാന്താൾ സ്‌കൂളിലേക്ക് കുട്ടികളുമായി വന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കുട്ടികൾ നിലിവിൽ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. പരിക്കേറ്റ കുട്ടികളിൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞു. സാധാരണയായി സ്വകാര്യ വാഹനങ്ങൾ സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കാറില്ല.
അതിനാൽ സ്‌കൂളിന് പുറത്താണ് അവർ കുട്ടികളെ ഇറക്കുന്നത്. അത്തരത്തിൽ കുട്ടികളെ ഇറക്കുന്നതിന് വേണ്ടി വണ്ടി തിരിക്കുന്നതിനിടെയാണ് അടുത്തുള്ള താഴ്ചയിലേക്ക് വാഹനം മറിഞ്ഞത്. ഉടൻ തന്നെ കുട്ടികളെ വാഹനത്തിൽ നിന്ന് പുറത്തെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കാസർകോട് വിദ്യാർത്ഥിയുടെ കർണപുടം തകർത്തു; ഹെഡ്മാസ്റ്റർക്കെതിരെ കേസ്
പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർത്തെന്ന ആരോപണത്തിൽ ഹെഡ്മാസ്റ്റർക്കെതിരെ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കാസർകോട് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എം അശോകനെതിരെയാണ് സംഭവത്തിന് പിന്നാലെ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
സ്‌കൂൾ അസംബ്ലിക്കിടെ നിർദ്ദേശം നൽകുമ്പോൾ വിദ്യാർത്ഥി ചരൽ നീക്കി കളിച്ചതാണ് ഹെഡ്മാസ്റ്ററിനെ പ്രകോപിപ്പിച്ചത്. തുടർന്ന് മറ്റ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുന്നിൽ വച്ച് കുട്ടിയെ തല്ലുകയായിരുന്നു എന്നാണ് പരാതി. ചെവിയുടെ വേദന സഹിക്കാൻ വയ്യാതെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആ സമയമാണ് കർണപുടം പൊട്ടിയ വിവരം അറിയുന്നത്.