Thrissur Pooram 2026: തൃശ്ശൂർ പൂരം ആന എഴുന്നള്ളത്ത്, ഹർജിയിൽ ഉടൻ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
Kerala High Court on Elephant Parades: ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ മറുപടി. സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണം, സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്.
കൊച്ചി: തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട ഹർജിയിൽ ഉടൻ ഇടപ്പെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ആന എഴുന്നള്ളത്തഇൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആന എഴുന്നള്ളത്തിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കയാണെന്നും കോടതി പറഞ്ഞു.
ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ മറുപടി. സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണം, സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഹർജി പരിഗണിച്ച കോടതി തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, വെടിക്കെട്ട് പുരയിൽ ഉണ്ടായ അപകടത്തിന്റെ നടുക്കം തൃശ്ശൂർ പൂരത്തെ ഉലച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നടത്തില്ലെന്ന് പാറമേക്കാവ് ദേവസ്വം ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ നടക്കുമെന്നും സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം എന്നാണ് പറഞ്ഞതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.
ALSO READ: വെടിക്കെട്ട് മുറ പോലെ നടക്കണം, സാമ്പിൾ ഒഴിവാക്കാം എന്നാണ് പറഞ്ഞത്; പാറമേക്കാവ് നിലപാട് മാറ്റി
തൃശ്ശൂർ വെടിക്കെട്ട് അപകടം
ഏപ്രിൽ 21നാണ് നാടിനെ നടുക്കി ദുരന്തം ഉണ്ടായത്. ശരീരങ്ങൾ ചിന്നിച്ചിതറിയതിനാൽ ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്. നിരവധി പേർ ചികിത്സയിലാണ്. അപകടത്തിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണത്തിന് ചുമതല. കൂടാതെ, മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിച്ചു.
പരിക്കേറ്റവർക്ക് ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. ഇതിന് പുറമേ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദനീയമായ കുക ചികിത്സാ സഹായമായി നൽകാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. ആറ് മാസത്തിൽ അധികമായി ചികിത്സ വേണ്ടി വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.