Thrissur Pooram 2026: പൂരപ്രേമികളിൽ ആവേശമുണർത്തി ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ല, ദുരന്തത്തിൻ്റെ കണ്ണീരിൽ ശക്തൻ്റെ മണ്ണ്
Thrissur Pooram 2026 On Today: ഇന്ന് രാവിലെ ചെറുപൂരങ്ങളോടെ തൃശൂർ പൂരത്തിന് തുടക്കമാവും. കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടർന്ന് മറ്റ് ഏഴ് ദേശങ്ങളുടെയും എഴുന്നള്ളിപ്പ് നടക്കും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന സാമ്പിൾ വെടിക്കെട്ടും തിങ്കളാഴ്‌ച പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കിയാണ് ഇത്തവണ പൂരം അരങ്ങേറുന്നത്. പ്രതീകാത്മകമായി കുടമാറ്റം നടത്തും.

Thrissur Pooram
തൃശൂർ: പൂരപ്രേമികൾ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് തൃശൂർ പൂരം. വലിയൊരു ദുരന്തത്തിൻ്റെ കണ്ണീരുണങ്ങുംമുന്നേ ശക്തൻ്റെ മണ്ണ് പൂരത്തിന് ഒരുങ്ങിക്കഴിഞ്ഞു. നാടിന്റെ നഷ്ടം പൂരം കാണാനെത്തുന്ന കാഴ്ചക്കാരെ അറിയിക്കാതെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി ആചരിച്ചുകൊണ്ടാണ് പൂരം അരങ്ങേറുന്നത്. പൂരത്തിൻ്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണ ഇരു ദേവസ്വങ്ങളും പൂരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. പൂരവിളംബരമായി ശനിയാഴ്‌ച (ഇന്നലെ) നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടി തിടമ്പേറ്റുന്ന കൊമ്പൻ എറണാകുളം ശിവകുമാർ പകൽ പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്നു.
ഇന്ന് രാവിലെ ചെറുപൂരങ്ങളോടെ തൃശൂർ പൂരത്തിന് തുടക്കമാവും. കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടർന്ന് മറ്റ് ഏഴ് ദേശങ്ങളുടെയും എഴുന്നള്ളിപ്പ് നടക്കും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന സാമ്പിൾ വെടിക്കെട്ടും തിങ്കളാഴ്‌ച പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കിയാണ് ഇത്തവണ പൂരം അരങ്ങേറുന്നത്. പ്രതീകാത്മകമായി കുടമാറ്റം നടത്തും.
ALSO READ: തൃശ്ശൂർ പൂരം ആന എഴുന്നള്ളത്ത്, ഹർജിയിൽ ഉടൻ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
ഇന്ന് രാവിലെ ഏഴിന് തിരുനമ്പാടി വിഭാഗം പറയെടുപ്പുകളോടെ മഠത്തിലേക്ക് എഴുന്നള്ളും. തുടർന്ന് 11.30ന് പ്രസിദ്ധമായ മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിക്കുന്നതാണ്. മഠത്തിൽ വരവ് പകൽ മൂന്നോടെ നായ്‌ക്കനാൽ പന്തലിൽ അവസാനിച്ച് പാണ്ടിമേളം ആരംഭിക്കും. പാണ്ടിമേളത്തോടെയാണ് ശ്രീമൂലസ്ഥാനത്തേയ്‌ക്ക് നീങ്ങുന്നത്. പാറമേക്കാവ് വിഭാഗം ഇന്ന് പകൽ 12ന് പുറത്തേക്കെഴുന്നെള്ളും. രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നത്.
ശേഷം വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും 15 മിനിറ്റ് നീളുന്ന പ്രതീകാത്മക കുടമാറ്റവും അരങ്ങേറും. ഇരുവിഭാഗങ്ങളുടെയും രാത്രി എഴുന്നള്ളിപ്പും തിങ്കളാഴ്‌ച പകൽപ്പൂരവും ഉച്ചയ്‌ക്ക് ഉപചാരം ചൊല്ലിപ്പിരിയലും പതിവുപോലെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പൂരത്തിന്റെ ഏറ്റവും വർണാഭമായ കാഴ്ചയാണ് കുടമാറ്റം. ഇരുവിഭാഗവും മത്സരിച്ച് ആനപ്പുറങ്ങളിൽ വർണക്കുടകൾ ഉയർത്തിയാണ് ഈ ചടങ്ങ് അരങ്ങേറുന്നത്. ഇക്കുറി മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമായി കുടമാറ്റത്തിന്റെ സമയം സാധാരണയിൽ നിന്ന് വെട്ടിക്കുറിച്ചിട്ടുണ്ട്.
മുണ്ടത്തിക്കോട് ദുരന്തം
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തെ തുടർന്ന് തൃശൂരെങ്ങും കണ്ണീരിലാഴ്ന്നാണ് ഇക്കുറി പൂരത്തിന് തയ്യാറെടുക്കുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് 37 പേർ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ഇതിൽ ഇനിയും നാല് പേരെകൂടി തിരിച്ചറിയാനുണ്ട്. പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെ അപകടം നടന്ന മേഖല അടച്ചുകെട്ടി പോലീസ് നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരാറുകാരൻ സതീശൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആണ്.
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും തുടർ ചികിത്സയ്ക്കായി നൽകാനാണ് തീരുമാനം. കേരളത്തെ ഒന്നാകെ നടുക്കിയ അപകടത്തിന് കേന്ദ്രസഹായം ഉൾപ്പെടെ മറ്റ് സഹായങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.