Thamarassery Churam: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം
Traffic Restrictions at Thamarassery Churam Today: ബുധനാഴ്ച ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും പൂർണമായി നിയന്ത്രിക്കുമെന്നും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ, ഇന്ന് രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്നുണ്ട്.
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനെ തുടർന്നാണ് ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ബുധനാഴ്ച ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും പൂർണമായി നിയന്ത്രിക്കുമെന്നും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനൊടൊപ്പം ഇന്ന്, ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവർത്തനങ്ങളും നടക്കുന്നതാണ്.
സംരക്ഷണ ഭിത്തിക്കായുള്ള നിലം ഒരുക്കുന്നതിനിടെ ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹിറ്റാച്ചി കൊക്കയിലേക്ക് വീണ് അപകടം ഉണ്ടായത്. സംരക്ഷണ ഭിത്തി കെട്ടി ഉയർത്തുന്നതിന് വേണ്ടിയുള്ള നിലം ഒരുക്കുന്നതിനിടെ വാഹനം താഴേക്ക് നിരങ്ങുകയായിരുന്നു. നേരെയാക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ചെരിയുകയും തലകീഴായി മറിഞ്ഞ് 150 അടിയോളം താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.
കൂടാതെ, ഇന്ന് രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്നുണ്ട്. അതിനാൽ, ഇന്ന് രാവിലെ മുതൽ ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ALSO READ: കോട്ടയം വഴിയുള്ള യാത്രക്കാർക്ക് തിരിച്ചടി, ഈ ട്രെയിനുകൾ ഇനി ആലപ്പുഴ വഴി; പുതിയ സ്റ്റോപ്പുകൾ അറിയാം
ഒപി ടിക്കറ്റ് വലിച്ചുകീറി ഡോക്ടർ, 9 വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെ പൂച്ച മാന്തിയതിനെ തുടർന്നാണ് പ്രതിരോധ കുത്തിവെപ്പിനും മറ്റു ചികിത്സയും തേടി കുട്ടിയും മാതാപിതാക്കളും വയനാട് കൽപ്പറ്റയിലെ താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇവരോട് ദേഷ്യപ്പെട്ട ഡോക്ടർ ഒപി ടിക്കറ്റ് വലിച്ചെറിയുകയും ഇനി അവിടെ നിന്ന് ചികിത്സ ലഭിക്കില്ലെന്ന് പറഞ്ഞതായാണ് പരാതി.
ഒപിയിൽ കാണിച്ചപ്പോൾ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും ഇനി നാല് ദിവസം കൂടി ആശുപത്രിയിൽ വരണം എന്നും ഡോക്ടർ നിർദേശിച്ചു. എന്നാൽ ബാക്കി കുത്തിവെപ്പുകൾ വീടിന് സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എടുത്താൽ മതിയോ എന്ന് കുട്ടിയുടെ പിതാവ് ഡോക്ടറോട് ചോദിച്ചിരുന്നു. സ്വാഭാവികമായ ഈ ചോദ്യത്തിനാണ് ഡോക്ടർ പ്രകോപിതനാവുകയും ദേഷ്യപ്പെട്ട് ഒപി ടിക്കറ്റ് വലിച്ച് കീറിയതെന്നും കുടുംബം പറഞ്ഞു. പിതാവിന്റെ ചോദ്യത്തിന്, വേണ്ട ഞങ്ങൾ ഡോക്ടർമാർ എല്ലാവരും കൂടി അങ്ങോട്ട് വന്ന് ബാക്കി ചികിത്സ തരാം എന്നായിരുന്നു പരിഹാസത്തോടെ ഡോക്ടർ മറുപടി പറഞ്ഞത്.
ഡോക്ടറുടെ ഈ മറുപടി കുടുംബം ചോദ്യം ചെയ്തു. പിന്നാലെ, ഇത്തരത്തിലുള്ള വിഡ്ഢി ചോദ്യങ്ങൾ ചോദിക്കാൻ പാടുണ്ടോ എന്ന് പറഞ്ഞ് ഉറക്കെ സംസാരിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. കുട്ടിയുടെ മുറിവ് പരിശോധിക്കാൻ പോലും ഡോക്ടർ തയ്യാറായില്ല. വാക്ക് തർക്കത്തിന് പിന്നാലെ ഒപി ടിക്കറ്റ് വലിച്ചെറിയുകയും താൻ ഇനി ചികിത്സിക്കില്ല എന്ന നിലപാട് എടുക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വന്ന മറ്റൊരു ഡോക്ടർ ആണ് കുട്ടിക്ക് ചികിത്സ നൽകിയത്. അതേസമയം, സംഭവത്തിൽ ആരോഗ്യ വകുപ്പിനും കൽപ്പറ്റ താലൂക്ക് ആശുപത്രിയിലെ അധികൃതർക്കും കുടുംബം പരാതി നൽകുമെന്നാണ് വിവരം.
English Summary:
Traffic restrictions will be imposed on Thamarassery Pass from today. Public Works Department officials said, Heavy vehicles and multi-axle vehicles will be completely restricted on Wednesday.