Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Tragic Accident in Kasaragod: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദൂര്‍ പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുസമ്മിലിനെയും, മുന്‍സിറിനെയും രക്ഷിക്കാനായില്ല.
കാസര്‍കോട്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദൂര്‍ പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. ഒമ്പത് വയസുള്ള ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് വാഹ്ഷിന്‍ (14) എന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടികള്‍ പുറത്തിറങ്ങിയ സമയത്താണ് മതില്‍ ഇടിഞ്ഞുവീണത്. കുട്ടികളുടെ ശരീരത്തിലേക്ക് കല്ലുകള്‍ വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുസമ്മിലിനെയും, മുന്‍സിറിനെയും രക്ഷിക്കാനായില്ല.
പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇവിടെ കുട്ടികള്‍ അവധിക്കാലത്ത് ചെറിയ രീതിയിലുള്ള കച്ചവടം നടത്താറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അത്തരത്തില്‍ കച്ചവടം നടത്തിയ സമയത്താണ് അപകടമുണ്ടായതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സമീപത്തെ ബസ് സ്റ്റോപ്പടക്കം തകര്‍ന്നു.
ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു
അതേസമയം, കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. രമ്യ എന്ന യുവതിയാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യ മരണപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
തുണി അലക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. തുണി അലക്കുന്നിതിനിടെയാണ് കുട്ടി ഒഴുക്കില്‍പെട്ടത്. പിന്നാലെ കുട്ടിയെ രക്ഷിക്കാന്‍ രമ്യ എടുത്തുചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ മുതല്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ ഒമ്പത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.
ജൂണ്‍ ഒമ്പത് വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും, പ്രതികൂല കാലാവസ്ഥയും സാധ്യതയുണ്ട്. മണിക്കൂറില്‍ 40-60 കി.മീ വേഗത്തില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.
തിങ്കളാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ പാലക്കാട് വരെ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്തും, കൊല്ലത്തും ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം മുതല്‍ പാലക്കാട് വരെ യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമാണ്. ബുധനാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. എന്നാല്‍ കണ്ണൂരും, കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്.
English Summary
Two young brothers tragically died in Adoor, Kasaragod, after a house wall collapsed. The victims were identified as Muzammil, aged 14, and Munsir, aged 10. The heavy stone wall collapsed on top of them while they were playing outside. Though they were rushed to the hospital immediately, their lives could not be saved.