Vilangad Landslide Alert: വിലങ്ങാട് മേഖലയിൽ അതീവ ജാഗ്രത, ജനങ്ങളെ ഉടൻ മാറ്റിപ്പാർപ്പിക്കണം; മലയോര റോഡിൽ രാത്രിയാത്രയ്ക്ക് വിലക്ക്
Kozhikode Vilangad Landslide Alert: വടകര താലൂക്കിൽ ഉൾപ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ളവയുടെ യാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്.
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. വടകര താലൂക്കിൽ ഉൾപ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാ മേലധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിലങ്ങാട് മലയോര മേഖലയിലെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുൾപൊട്ടിയ സ്ഥലങ്ങൾക്ക് സമീപവും താമസിക്കുന്ന ആളുകളെയാണ് മാറ്റി താമസിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കാനാണ് നിർദ്ദേശം. ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കാനും നിർദ്ദേശിച്ചു.
ALSO READ: സംസ്ഥാനത്ത് പേമാരി; ഇന്നും നാളെയും റെഡ് അലർട്ട്, പ്രളയ സാധ്യത മുന്നറിയിപ്പ്
ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പോലീസിനെ വിന്യസിക്കാനും ക്യാമ്പുകൾക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും സുരക്ഷ നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.
രാത്രി യാത്ര നിരോധിച്ചു
വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ളവയുടെ യാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്. അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഉത്തരവ്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് റെഡ് അലർട്ട് നിലനിൽക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് സംസ്ഥാനത്ത് നിലവിൽ പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
English Summary:
Kozhikode District Collector has ordered the immediate evacuation of residents of all vulnerable areas in Vilangad and nearby hilly regions of Vadakara taluk. Following reports of a heightened risk of landslides and mudslides due to incessant rainfall.