Dead Body Found in Alappuzha Express: ആലപ്പുഴ എക്സ്പ്രസിന്റെ വേർപെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ചു
Unidentified Woman Found Dead on Alappuzha Express: മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. കോച്ചിൽ നിന്നു ദുർഗന്ധം വരുന്നതായി റെയിൽവേ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്.
ആലപ്പുഴ: ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപെടുത്തിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാൻ തകരാറിനെ തുടർന്ന് 10 ദിവസത്തിലേറെയായി ഈ കോച്ച് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏഴു ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റെയിൽവേ പോലീസ് പറഞ്ഞു. കോച്ചിൽ നിന്നു ദുർഗന്ധം വരുന്നതായി റെയിൽവേ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരിച്ച സ്ത്രീ ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഇവർ ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പോലീസ്. ഇവർ ഈ കോച്ചിനടുത്തേക്ക് നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ; കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയിൽ നിന്ന്
കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പ്രസൻജിത്തിനെ (21) പിടികൂടി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് വ്യാഴാഴ്ച പുലർച്ചെ 2.45ഓടെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് അസം സ്വദേശിയായ പ്രസൻജിത്ത്. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രസൻജിത്തിനെ സ്റ്റേഷനിൽ നിർത്തിയ സമയത്തായിരുന്നു ഇയാൾ ഓടിപ്പോയത്. പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനു പുറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും പോലീസ് തിരച്ചിൽ നടത്തി. ഒടുവിൽ സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് പിടികൂടുകയായിരുന്നു.