ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്
Vadakara MDMA Drug Bust: മൂന്നു അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ്. ലഹരിക്കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ അധ്യാപികമാരാണെന്ന് പൊലീസ് പറയുന്നു. ലഹരിസംഘങ്ങളുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓണ്‍ലൈന്‍ ഡെലിവറി ബോയി ആയി ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസ് ആണ് പിടിയിലായത്. ജിജിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. കേസില്‍ നേരത്തെ മൂന്ന് അധ്യാപികമാര്‍ പിടിയിലായിരുന്നു. പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സപെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്‌മ (30) എന്നിവരാണ് പിടിയിലായ അധ്യാപികമാര്‍.
മൂന്നു അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ്. ലഹരിക്കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ അധ്യാപികമാരാണെന്ന് പൊലീസ് പറയുന്നു.
ഇന്‍സ്റ്റഗ്രാം വഴി ബന്ധം
ലഹരിസംഘങ്ങളുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യമുള്ളവര്‍ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. കിട്ടുന്ന പണം മൂവരും പങ്കിടും.
അധ്യാപികമാരുടെ ബാങ്ക് രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. പ്രതികള്‍ക്ക് പണം അയച്ചുകൊടുത്തവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലും ലഹരി വില്‍പന നടത്തിയതായി സംശയിക്കുന്നു.
Also Read: ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
പിന്നില്‍ വന്‍സംഘം
ലഹരി ഇടപാടിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം നീളും. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അന്വേഷണം വിലയിരുത്താന്‍ കണ്ണൂര്‍ ഡിഐജി ഇന്ന് വടകരയിലെത്തും.
ഓപ്പറേഷന്‍ തൂഫാനിലാണ് ലഹരി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ജൂണ്‍ 28ന് രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കല്‍ സ്വദേശി സഫ്‌വാനില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണം അധ്യാപികമാരിലേക്കും നീളുകയായിരുന്നു. തുടര്‍ന്ന് ആദ്യം കീര്‍ത്തനയും, പിന്നീട് കാവ്യയും പിടിയിലായി. തുടര്‍ന്നാണ് ലഹരി ഇടപാടില്‍ നീഷ്മയുടെ ബന്ധം കണ്ടെത്തിയത്. മൂവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
അക്കൗണ്ടില്‍ ലക്ഷങ്ങള്‍
കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയാണ് എത്തിയത്. കാവ്യയുടെ അക്കൗണ്ടില്‍ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയും എത്തി. ബിആര്‍സിയില്‍ പ്രതിമാസം 11,000 രൂപ മാത്രമായിരുന്നു ഇവരുടെ ശമ്പളം. എന്നാല്‍ ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. കാവ്യ അടുത്തിടെ ഒരു ആഡംബര കാര്‍ വാങ്ങിയിരുന്നു.
English Summary
Another suspect was arrested in the Vadakara MDMA drug bust. The investigation earlier led to three special education teachers in Kozhikode. Police found the suspects used Instagram to deal drugs and run large financial transactions. The gang is suspected to have links with major inter-state drug networks.