Vandiperiyar Police Arrest: വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി; പോലീസുകാരൻ അറസ്റ്റിൽ
Idukki Vandiperiyar Policeman Arrested: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി. വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച് അത് മൊബൈലിലേക്ക് കണക്ട് ചെയ്താണ് ഇയാൾ കൃത്യം നടത്തിയത്.

Representational Image
ഇടുക്കി: സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരു പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വൈശിഖാണ് സംഭവത്തിൽ പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിതാ പോലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് പ്രതി ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.
ഇക്കകഴിഞ്ഞ ദിവസമാണ് കൃത്യം നടന്നതായി പുറത്തറിയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്യുകയുെ ചെയ്തു.
സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥയ്ക്ക് അയയ്ക്കുകയും അവരെ അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അന്വേഷണത്തിൽ കൂടുതൽ സംഭവങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി. വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച് അത് മൊബൈലിലേക്ക് കണക്ട് ചെയ്താണ് ഇയാൾ കൃത്യം നടത്തിയത്. ഇതോടെ സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.