KSU പ്രവർത്തകർ വീണ ജോർജിനെ ആക്രമിച്ചിട്ടില്ല: പുനരന്വേഷണ റിപ്പോർട്ട്; ഒപ്പിട്ട പിന്നാലെ വിരമിച്ച് SIT തലവൻ
Veena George assault case: മുൻ സർക്കാരിന്റെ കാലത്ത് വധശ്രമത്തിന് കേസെടുത്ത സംഭവം, പുതിയ സർക്കാർ വന്നതിന് പിന്നാലെ നടത്തിയ പുനരന്വേഷണത്തിൽ പെരുപ്പിച്ച് കാട്ടിയ കേസെന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് എസ്ഐടി റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.

Veena George Assault Case
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ കെ എസ് യു വിന് ക്ലീൻ ചിറ്റ് നൽകുന്ന നിലയ്ക്കുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകിയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് വധശ്രമത്തിന് കേസെടുത്ത സംഭവം, പുതിയ സർക്കാർ വന്നതിന് പിന്നാലെ നടത്തിയ പുനരന്വേഷണത്തിൽ പെരുപ്പിച്ച് കാട്ടിയ കേസെന്ന നിലയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് എസ്ഐടി റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഒപ്പിട്ട് കൈമാറിയതിന് തൊട്ടുപിന്നാലെ എസ്ഐടിയുടെ തലവനായിരുന്ന കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമൻ സർവീസിൽനിന്ന് വിരമിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കു പറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ സർക്കാർ കേസെടുത്തത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കേസിൽ പുനരന്വേഷണം വന്നു.
Also Read: പാചകവാതക വിലയിൽ മാറ്റം; നവംബർ 1 മുതൽ പുതുക്കിയ നിരക്ക്
കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ ടീമിനെയാണ് പുനരന്വേഷണത്തിനായി സർക്കാർ നിയോഗിച്ചത്. കെഎസ്യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും ഇപ്പോൾ എസ്ഐടി ഡിജിപിക്ക് നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ആണ് ഉണ്ടായത് എന്നാണ് എസ്ഐടി കണ്ടെത്തൽ.
മന്ത്രിയെ ആക്രമിച്ചെന്നു പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്. ഗണ്മാന് അഭിലാഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെ ചുമത്തി കേസെടുത്തത്. എന്നാൽ ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തിയിരുന്നു.
വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ല എന്നായിരുന്നു എസ്ഐടിക്ക് ഗൺമാൻ നൽകിയ പുതിയ മൊഴി. വീണയുടെ നിർദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും ഗൺമാൻ മൊഴി നൽകി. സംഭവത്തിൽ ഗൺമാനെതിരേ ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് നടപടി എടുക്കാവുന്നതാണെന്ന് എസ്ഐടി റിപ്പോർട്ടിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് വീണാ ജോർജിനും ഗൺമാൻ എം.എസ്. അഭിലാഷിനും എതിരേ കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ സ്വകാര്യ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഗൺമാനെതിരേ റിപ്പോർട്ടിൽ നേരിട്ട് നടപടി ശുപാർശ ചെയ്തിട്ടില്ല എന്നാണ് വിവരം.
English Summary
The Special Investigation Team (SIT) has submitted a final report to the Director General of Police (DGP) that effectively clears the KSU in the case involving an alleged attack on Health Minister Veena George in Kannur during the tenure of the previous government. The report states that KSU activists were unable to reach the Minister and that the scale of the protest had been exaggerated.