AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

വിഷു – പെരുന്നാൾ ലോട്ടറി വില്പന ; 31 ലക്ഷം ടിക്കറ്റുകൾ ബാക്കി

രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയ ഒരാഴ്ചത്തെ വിറ്റുവരവിലുണ്ടായത് 10,72,01,837 രൂപയുടെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.

വിഷു – പെരുന്നാൾ ലോട്ടറി വില്പന ; 31 ലക്ഷം ടിക്കറ്റുകൾ ബാക്കി
ലോട്ടറി – പ്രതീകാത്മക ചിത്രം (Image- social media)
Aswathy Balachandran
Aswathy Balachandran | Published: 16 Apr 2024 | 11:18 AM

തിരുവനന്തപുരം: ചെറിയ പെരുന്നാൾ-വിഷു ദിനങ്ങളിൽ കേരള ഭാഗ്യക്കുറിയുടെ വില്പന സാധാരണ ഉയരാറുണ്ട്. എന്നാൽ ഇത്തവണ അത് ഗണ്യമായ കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയ ഒരാഴ്ചത്തെ വിറ്റുവരവിലുണ്ടായത് 10,72,01,837 രൂപയുടെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും ദിവസത്തെ സ്റ്റോക്കിൽ 31.11 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ ബാക്കിയായത്. വില്പനയിൽ ഏറ്റവുമധികം കുറവുണ്ടായത് വിഷുദിനത്തിലാണെന്നും പറയപ്പെടുന്നു. അന്ന്‌ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 16,37,675 ടിക്കറ്റുകൾ ബാക്കിയാണ്‌. വിഷുവിന്റെ തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചത്തെ വിൻവിൻ ഭാഗ്യക്കുറിയുടെ 7,13,100 ടിക്കറ്റുകളും ബാക്കിയായി.

ചെറിയ പെരുന്നാൾ ദിനമായ 10-ന് നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ 6,75,975 ടിക്കറ്റുകളും തൊട്ടടുത്ത ദിവസത്തെ കാരുണ്യപ്ലസിന്റെ 81,575 ടിക്കറ്റുകളും ബാക്കിയായതായി പറയപ്പെടുന്നു. അതേസമയം ഒൻപതാം തീയതി നറുക്കെടുത്ത സ്ത്രീശക്തി, 13-ന്റെ കാരുണ്യ എന്നീ ഭാഗ്യക്കുറികളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റു. 12-ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ 3000 ടിക്കറ്റുകളാണ് ബാക്കിയായത്. ടിക്കറ്റ് വില 50 രൂപയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ 87,72,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. 40 രൂപ വിലയുള്ള ബാക്കിയെല്ലാ ടിക്കറ്റുകളും പ്രതിദിനം അച്ചടിക്കുന്നത് 1.08 ലക്ഷമാണ്. സാധാരണ ആഘോഷ ദിവസങ്ങളിലും ആ ദിവസം ഉൾപ്പെടുന്ന ആഴ്ചയിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോകാറുണ്ട്. നറുക്കെടുപ്പ് സമയമായ ഉച്ചയ്ക്കുശേഷം മൂന്നിന്‌ തൊട്ടു മുൻപ് വരെയും സ്റ്റാളുകളിൽ ടിക്കറ്റുകൾ യഥേഷ്ടം കിട്ടുന്നിടത്ത്, ഉത്സവ സീസൺ ആഴ്ചയാണെങ്കിൽ രണ്ടുമണിക്ക്‌ മുൻപേ മുഴുവൻ ലോട്ടറി ടിക്കറ്റുകളും വിറ്റുകഴിഞ്ഞിട്ടുണ്ടാകും. രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയപ്പോൾ ഏജന്റുമാരുടെ പ്രതീക്ഷയും ഇരട്ടിയായിരുന്നു. അത്‌ തകിടംമറിക്കുന്ന രീതിയിലാണ് വില്പന നടന്നത്.12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പർ ടിക്കറ്റും വില്പനയിലുണ്ട്. മൂന്നാഴ്ച മുൻപിറങ്ങിയ ഈ ടിക്കറ്റുകളുടെ വില്പനയും പ്രതീക്ഷിച്ചത്രയില്ല. 300 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. വിഷുക്കാലത്ത് വലിയ തോതിൽ വിറ്റുപോകുമെന്ന് പ്രതീക്ഷിച്ചിടത്ത് പതിവ് വില്പനപോലും നടന്നില്ലെന്ന് ഏജന്റുമാർ പറയുന്നു. ചൂട് കൂടിയതും തിരഞ്ഞെടുപ്പ് തിരക്കുമെല്ലാം ടിക്കറ്റ് വില്പനയെ ബാധിച്ചതായി ലോട്ടറി കച്ചവടക്കാർ പറയുന്നു.