Vizhinjam Ship Berthing : എന്താണ് വിഴിഞ്ഞത്തെ കപ്പൽ ബെർത്തിംഗ്? എന്തിനാണിത് ചെയ്യുന്നത്
കപ്പലിന്റെ വലുപ്പം, കാലാവസ്ഥ, തിരമാലകളുടെ ശക്തി, തുറമുഖത്തിന്റെ ഘടന തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഈ പ്രവൃത്തി.

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തുവെന്നുള്ള വാർത്ത മലയാളികൾക്കും വിഴിഞ്ഞം തുറമുഖത്തിനും അഭിമാന നിമിഷമാണ്. യഥാർത്ഥത്തിൽ എന്താണ് കപ്പലുകളുടെ ബെർത്തിംഗ്, എന്തൊക്കെയാണ് ഇതിലെ പ്രക്രിയകൾ എന്ന് പരിശോധിക്കാം. വിവിധ ഘട്ടങ്ങളൂലിടെ പൂർത്തിയാകുന്ന ബെർത്തിംഗ് അതീവ ശ്രദ്ധ വേണ്ടുന്ന പ്രക്രിയ കൂടിയാണ്. ഇതിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.
എന്താണ് ബെർത്തിംഗ്?
ലളിതമായി പറഞ്ഞാൽ, ഒരു കപ്പലിനെ കടൽത്തീരത്തോ, ഒരു ജെട്ടിയിലോ, അല്ലെങ്കിൽ ഒരു ഡോക്കിലോ കെട്ടിയിടുന്നതിനെയാണ് ബെർത്തിംഗ് എന്ന് പറയുന്നത്. കപ്പലിന്റെ വലുപ്പം, കാലാവസ്ഥ, തിരമാലകളുടെ ശക്തി, തുറമുഖത്തിന്റെ ഘടന തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഈ പ്രവൃത്തി. ആളുകളെ കയറ്റുക, കണ്ടെയിനറുകൾ കയറ്റുക- ഇറക്കുക, അറ്റകുറ്റപ്പണികൾ, തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലുകൾക്ക് സുരക്ഷിതമായി നിൽക്കാനുള്ള ഒരിടം എന്നിവക്കാണ് പ്രധാനമായും ബെർത്തിംഗ് ചെയ്യുന്നത്.
ബെർത്തിംഗ് പ്രക്രിയ
1. വിദഗ്ധ സഹായം: തുറമുഖങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, പ്രാദേശിക കടൽപാതകളെക്കുറിച്ച് നന്നായി അറിയുന്ന ഒരു മറൈൻ വിഗ്ധൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇടുങ്ങിയ കനാലുകളിലൂടെയും തിരക്കേറിയ സ്ഥലങ്ങളിലൂടെയും കപ്പലിനെ നയിക്കാൻ ഇയാൾ സഹായിക്കും.
2. ടഗ് ബോട്ടുകളുടെ ഉപയോഗം: വലിയ കപ്പലുകൾക്ക് സ്വയം പൂർണ്ണമായി തിരിയാനും അടുപ്പിക്കാനും പ്രയാസമാണ്. അത്തരം സാഹചര്യങ്ങളിൽ, ടഗ് ബോട്ടുകൾ (ചെറിയ വലിക്കപ്പലുകൾ) കപ്പലിനെ തള്ളിനീക്കാനും വലിച്ചടുപ്പിക്കാനും സഹായിക്കും.
3. മൂറിംഗ് ലൈനുകൾ: കപ്പലിനെ തീരത്തോട് ചേർത്ത് കെട്ടിയിടാൻ കട്ടിയുള്ള കയറുകൾ (മൂറിംഗ് ലൈനുകൾ) ഉപയോഗിക്കുന്നു. ഈ കയറുകൾ കരയിലെ ബോൾലാർഡുകളിൽ (കയറുകൾ കെട്ടിയിടാനുള്ള തൂണുകൾ) ഉറപ്പിക്കുന്നു.
4. ഫെൻഡറുകൾ: കപ്പലിന്റെയും ജെട്ടിയുടെയും ഇടയിൽ ഘർഷണം ഒഴിവാക്കാൻ ഫെൻഡറുകൾ (റബ്ബർ കൊണ്ടുള്ള ബമ്പറുകൾ) സ്ഥാപിക്കുന്നു. ഇത് കപ്പലിനും ജെട്ടിക്കും കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു.
ബെർത്തിംഗിലെ പ്രശ്നങ്ങൾ
1.കാലാവസ്ഥ: ശക്തമായ കാറ്റ്, തിരമാലകൾ, മഴ എന്നിവ ബെർത്തിംഗ് പ്രക്രിയയെ ബുദ്ധിമുട്ടിലാക്കും.
2.തിരക്ക്: തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലുകൾക്ക് ബെർത്ത് ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നത് സാധാരണമാണ്.
3.പരിസ്ഥിതി: ഇടുങ്ങിയ ചാനലുകളും ആഴം കുറഞ്ഞ പ്രദേശങ്ങളും ബെർത്തിംഗിന് വെല്ലുവിളികൾ ഉയർത്തുന്നു.
4. പിഴവുകൾ: ബെർത്തിംഗ് നടത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ചെറിയ പ്രശ്നങ്ങൾ പോലും അപകടങ്ങളിലേക്ക് നയിക്കാം.