Almonds: വെറുതെ ബദാം തിന്നരുത്! കുതിർത്തു കഴിച്ചാൽ ഇരട്ടി ഗുണം
Benefits of Eating Soaked Almonds Daily: വെറുതെ കഴിക്കുന്നതിനേക്കാളും ബദാം കുതിർത്ത് കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാവിലെ ഉണരുമ്പോൾ വെറുംവയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് പണ്ടുമുതലെയുള്ള ഒരു ആരോഗ്യ ശീലമാണ്. ശരീരത്തിനും തലച്ചോറിനും ഈ ശീലം നൽകുന്ന ഗുണങ്ങളേറെയാണ്.

പ്രതീകാത്മക ചിത്രം
ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്ന നട്സുകളിൽ ഒന്നാണ് ബദാം. ഓർമശക്തിക്ക് ബദാം കഴിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ വെറുതെ കഴിക്കുന്നതിനേക്കാളും ബദാം കുതിർത്ത് കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാവിലെ ഉണരുമ്പോൾ വെറുംവയറ്റിൽ കുതിർത്ത ബദാം കഴിക്കുന്നത് പണ്ടുമുതലെയുള്ള ഒരു ആരോഗ്യ ശീലമാണ്. ശരീരത്തിനും തലച്ചോറിനും ഈ ശീലം നൽകുന്ന ഗുണങ്ങളേറെയാണ്. പച്ച ബദാം കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടാണ് കുതിർത്ത ബദാം കൂടുതൽ ഗുണകരമാകുന്നത്? പരിശോധിക്കാം…
കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ദഹനം
ബദാമിലെ പുറംതൊലിയിൽ ‘ടാനിനുകൾ’, ‘ഫൈറ്റിക് ആസിഡ്’ എന്നീ എൻസൈം ഇൻഹിബിറ്ററുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് തടസ്സം സൃഷ്ടിച്ചേക്കാം. ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുമ്പോൾ ഈ ഘടകങ്ങൾ നീക്കം ചെയ്യപ്പെടുകയും, ദഹനം കൂടുതൽ സുഗമമാവുകയും ചെയ്യുന്നു.
പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നു
കുതിർക്കുമ്പോൾ ബദാം മൃദുവാവുകയും ശരീരത്തിലെ ദഹന എൻസൈമുകൾക്ക് വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പൂർണ്ണമായി ആഗിരണം ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനം
ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നീ പോഷകങ്ങൾ നാഡീവ്യൂഹത്തെ സംരക്ഷിക്കുകയും തലച്ചോറിന്റെ ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ALSO READ: നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം
ഹൃദയാരോഗ്യം
മൊണോ അൺസാച്ചുറേറ്റഡ് ഫാറ്റുകളാൽ സമ്പന്നമാണ് ബദാം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്നു. ബദാമിലെ മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
കുതിർത്ത ബദാമിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. രാവിലെ തന്നെ ഇത് കഴിക്കുന്നത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് കലരുന്നത് തടയുകയും, പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു.
ദിവസം മുഴുവൻ ഊർജ്ജം
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്ന താൽക്കാലിക ഊർജ്ജത്തിന് പകരം, ബദാമിലെ പ്രോട്ടീനും ഹെൽത്തി ഫാറ്റുകളും ദീർഘനേരം നിലനിൽക്കുന്ന ഊർജ്ജം ശരീരത്തിന് നൽകുന്നു. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.
ശരീരഭാരം
ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ കുതിർത്ത ബദാം കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകും. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ചർമ്മവും മുടിയും
വിറ്റാമിൻ ഇ പോലെയുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളുടെ ആഘാതത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ബദാമിലെ പോഷകങ്ങൾ മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
അസ്ഥികളുടെ ബലം
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെയും പല്ലുകളുടെയും സാന്ദ്രത നിലനിർത്താൻ കുതിർത്ത ബദാം സഹായിക്കും. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഉത്തമമാണ്.
പ്രതിരോധശേഷി
ആന്റിഓക്സിഡന്റുകളും സിങ്കും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സാധാരണയായി ഉണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും കുതിർത്ത ബദാം കഴിക്കുന്നതിലൂടെ സാധിക്കും.
English Summary:
Eating soaked almonds every morning may offer several nutritional benefits, according to dietitians. Soaking almonds overnight softens them and may reduce some phytic acid, potentially making certain nutrients easier to absorb and the nuts easier to digest.