Face cream ban: മേക്കപ്പ് ചെയ്യുന്നവർ സൂക്ഷിക്കുക, ക്രീമുകളിൽ മെർക്കുറിക്ക് സമ്പൂർണ്ണ നിരോധനം വരുന്നു, നടപടിയ്ക്കൊരുങ്ങി സർക്കാർ
Central Government to Ban Mercury in Face Creams: ഇത് ചർമ്മത്തിൽ തടിപ്പുകൾ, നിറം മാറ്റം, പാടുകൾ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ, ആന്തരികാവയവങ്ങളെയും ഇത് ദോഷകരമായി ബാധിക്കാം. മുലപ്പാലിലൂടെ കുഞ്ഞിലെത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാനും മെർക്കുറിക്ക് കഴിയുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Mercury At Face Cream
തിരുവനന്തപുരം: മെർക്കുറി (രസം) അടങ്ങിയ സൗന്ദര്യവർധക ക്രീമുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ, ചില സൗന്ദര്യവർധക വസ്തുക്കളിൽ അനുവദനീയമായ അളവിൽ മെർക്കുറി ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും, എല്ലാത്തരം സൗന്ദര്യവർധക ക്രീമുകളിലും 1 പിപിഎമ്മിൽ (പാർട്‌സ് പെർ മില്യൺ) കൂടുതൽ മെർക്കുറി ഉപയോഗിക്കുന്നത് നിരോധിക്കാനാണ് പുതിയ നീക്കം. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മെർക്കുറിയുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിനാമാത്ത അന്താരാഷ്ട്ര കൺവെൻഷൻ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
മെർക്കുറിയുടെ ദൂഷ്യഫലങ്ങൾ
മെർക്കുറി അടങ്ങിയ ക്രീമുകൾ ചർമ്മരോഗങ്ങൾക്ക് പുറമെ, തലച്ചോറ്, നാഡീവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു. പെട്ടെന്ന് ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി പല ക്രീമുകളിലും, ഐ മേക്കപ്പുകളിലും, ആന്റി-ഏജിങ് ക്രീമുകളിലും മെർക്കുറി ചേർക്കാറുണ്ട്.
ഇത് ചർമ്മത്തിൽ തടിപ്പുകൾ, നിറം മാറ്റം, പാടുകൾ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ, ആന്തരികാവയവങ്ങളെയും ഇത് ദോഷകരമായി ബാധിക്കാം. മുലപ്പാലിലൂടെ കുഞ്ഞിലെത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാനും മെർക്കുറിക്ക് കഴിയുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ, കണ്ണെഴുതാൻ ഉപയോഗിക്കുന്ന കൺമഷി പോലുള്ള ഉത്പന്നങ്ങളിൽ 70 പിപിഎം വരെ മെർക്കുറി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
കർശന നടപടികൾ വരുന്നു
പുതിയ നിയമം നിലവിൽ വരുന്നതോടെ, സൗന്ദര്യവർധക ക്രീമുകളിൽ മെർക്കുറി ഇല്ലെന്ന് നിർമാണ കമ്പനികൾ സത്യവാങ്മൂലം നൽകേണ്ടി വരും. നിർമാണ യൂണിറ്റുകളിലും ലാബുകളിലും വിൽപ്പന കേന്ദ്രങ്ങളിലും അപ്രതീക്ഷിത പരിശോധനകൾ നടത്തും. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്. മെർക്കുറിക്ക് പകരം സുരക്ഷിതമായ ബദൽ മാർഗങ്ങൾ കണ്ടെത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.