Nike: തോറ്റവന്റെ ‘ശരി’, ആദ്യ വിൽപന കാറിന്റെ ഡിക്കിയിൽ നിന്ന്; നൈക്കിയുടെ വിജയകഥ
Nike Success Story: കാറിന്റെ ഡിക്കിയിൽ തുടങ്ങിയ ആ ഷൂ കച്ചവടം ഇന്ന് നിൽക്കുന്നത് ലോകത്തെ ഏറ്റവും വലിയ ബ്രാൻഡുകളുടെ പട്ടികയിൽ. അതെ, നൈക്കി വന്ന കഥ അറിയാം....
ഏതൊരു വിജയത്തിന് പിന്നിലും തോറ്റവന്റെ കണ്ണീരുണ്ടാകും. ആ കണ്ണീരിൽ തളരാതെ മുന്നോട്ട് കുതിച്ചാൽ മറ്റൊരു വിജയ ചരിത്രം നേടാനും അവന് കഴിയും. കളിക്കളത്തിലെ താരങ്ങൾ മുതൽ സാധാരണക്കാരന്റെ പോലും പ്രിയപ്പെട്ട ഷൂ ബ്രാൻഡ്, കാറിന്റെ ഡിക്കിയിൽ തുടങ്ങിയ ആ ഷൂ കച്ചവടം ഇന്ന് നിൽക്കുന്നത് ലോകത്തെ ഏറ്റവും വലിയ ബ്രാൻഡുകളുടെ പട്ടികയിൽ. അതെ, നൈക്കി വന്ന കഥ അറിയാം….
നൈക്കി പിറവി
1964-ലാണ് നൈക്കിയുടെ ജനനം. അത്ലറ്റായ ഫിൽ നൈറ്റ് (Phil Knight) എന്ന 24 കാരന്റെ ആഗ്രഹമായിരുന്നു ട്രാക്കിനെ തീ പിടിപ്പിക്കുന്ന, ഓടുന്നവനെ തീപ്പന്തമാക്കുന്ന ഒരു ഷൂ. ആ ആഗ്രഹത്തിനൊപ്പം ഒരാൾ കൂടി ചേർന്നു, നൈറ്റിന്റെ കോളേജിലെ ട്രാക്ക് കോച്ചായ ബിൽ ബോവർമാൻ കൂടി ചേർന്നു. ഫിൽ നൈറ്റ് ആയിരം ഡോളർ സംഘടിപ്പിച്ച്, നൈറ്റും ബിൽ ബോവർമാനും കൂടി സംരംഭം തുടങ്ങി. ബ്ലൂ റിബൺ സ്പോർട്സ് എന്നായിരുന്നു കമ്പനിയുടെ പേര്.
ജപ്പാനിലെ ഒനിസുക ടൈഗർ (Onitsuka Tiger) എന്ന ബ്രാൻഡിന്റെ ഷൂ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ ഒരു കട തുടങ്ങാനുള്ള സാമ്പത്തികമൊന്നും അവർക്കില്ലായിരുന്നു. അങ്ങനെ കാറിൽ യാത്രചെയ്ത് അത്ലറ്റുകളെ കണ്ടെത്തി അവർക്ക് ഓരോ പെയർ ഷൂ വിറ്റുതുടങ്ങി. ആദ്യ വർഷം 1300 പെയർ ഷൂ വിറ്റു.
എന്നാൽ, കാറിന് ഓടി എത്താവുന്ന ദൂരത്ത്, അത്ലറ്റിനെ കണ്ടെത്തി വിൽക്കുന്നത് അൽപം ബുദ്ധിമുട്ടായിരുന്നു. കൂടാതെ ലാഭം തുശ്ചവും. അങ്ങനെ നൈറ്റ് , മറ്റൊരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി പോയിതുടങ്ങി. ഷൂ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ അങ്ങനെ പണം കണ്ടെത്തി.
ബോവർമാൻ നേരത്തേ തന്നെ സ്വന്തമായി നിർമ്മിക്കുന്ന ഷൂവിന് വിവിധ ഡിസൈനുകൾ പരീക്ഷിക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഇരുവരുടേയും സ്പ്നം. അക്കാലത്ത് അത്ലറ്റിക് ഷൂവിന് കുറേ പോരായ്മകളുണ്ടായിരുന്നു. താരങ്ങളുടെ പെർഫോർമൻസോ, സൗകര്യമോ ഒന്നും ഷൂ നിർമ്മാതാക്കൾ പരിഗണിച്ചിരുന്നില്ല. അവയ്ക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ഫിൽ നൈറ്റിന്റേയും ബിൽ ബോവർമാന്റേയും ലക്ഷ്യം. അങ്ങനെ ഒരുനാൾ തന്റെ അടുക്കളിയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിക്കവേ, വാഫേസിലെ ഗ്രിഡ് പാറ്റേൺ ബോവർമാനെ ആകർഷിച്ചു.
ഷൂ സോളിന് അത് പറ്റിയ ഡിസൈനാകുമെന്ന് അയാൾക്ക് മനസ്സിലായി. ഗ്രിഡ് പാറ്റേൺ സോളുള്ള, ലൈറ്റ് വെയിറ്റായ ഷൂ ബോവർമാൻ നിർമ്മിച്ചു. 1974ൽ Waffle Trainer മോഡൽ പുറത്തിറക്കി. 1970-കളുടെ മധ്യമായപ്പോഴേക്ക് മോഡലിന്റെ വാർഷിക വിൽപ്പന 20 ലക്ഷം ഡോളർ കടന്നു. 1978-ൽ ബ്ലൂ റിബൺ സ്പോർട്സ് എന്ന പേര് മാറ്റി നൈക്കി എന്ന ബ്രാൻഡ് നെയിം ഒഫീഷ്യലാക്കി.