First aid for firework burns: വെടിക്കെട്ടിൽ പൊള്ളൽ ഏറ്റാൽ ഉടൻ ചെയ്യേണ്ട ചികിത്സകൾ ഇവയെല്ലാം…
First aid for firework-related burns: പൊള്ളിയ ഭാഗത്ത് ഐസ് വയ്ക്കരുത്, തേൻ, വെളിച്ചെണ്ണ, വെണ്ണ തുടങ്ങിയവ പുരട്ടുന്നതിനു പിന്നിൽ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല എന്നാണ് വിദഗ്ധർ പറയുന്നത്. പകരം ആന്റിസെപ്റ്റിക് ക്രീം ഏതെങ്കിലും പുരട്ടാവുന്നതാണ്.

പ്രതീകാത്മക ചിത്രം (Image courtesy : PTI )
കൊച്ചി: ആഘോഷങ്ങൾ അപകടങ്ങളാകുന്ന വെടിക്കെട്ട് നാം എല്ലാ ഉത്സവ കാലങ്ങളിലും കാണുന്നതാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നീലേശ്വരത്ത് സംഭവിച്ചത്. ഉത്സവ സ്ഥലങ്ങളിലും മറ്റും വെടിക്കെട്ട് അപകടമുണ്ടായാൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന് പലപ്പോഴും പലർക്കും അറിവുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ പിന്തുടരേണ്ട ചില പ്രഥമ ശുശ്രൂഷാ ചികിത്സാ രീതികൾ എന്തെല്ലാം എന്ന് നോക്കാം….
പ്രഥമ ശുശ്രൂഷാ ചികിത്സാ രീതികൾ…. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആദ്യം തന്നെ വെള്ളമൊഴിച്ചോ തുണികൊണ്ടു മൂടിയോ തീ കെടുത്താൻ ശ്രമിക്കുക.
- കുറഞ്ഞത് 20 മിനിറ്റെങ്കിലും തണുത്ത വെള്ളം ഒഴിച്ച് പൊള്ളലേറ്റത് തണുപ്പിക്കുക. പൊള്ളൽ തണുപ്പിക്കുന്നത് വേദനയും വീക്കവും പാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്. പൊള്ളൽ എത്രയും വേഗം തണുപ്പിക്കപ്പെടുന്നുവോ അത്രത്തോളം പരിക്കിൻ്റെ ആഘാതം കുറയും.
- തണുത്തതിന് ശേഷം, ക്ളിംഗ് ഫിലിം അല്ലെങ്കിൽ വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് അവിടം മൂടുക. അണുബാധ തടയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഒപ്പം ചർമ്മത്തിൽ ഇത് സ്പർശിക്കാതെ ശ്രദ്ധിക്കുകയും വേണം. കൃത്യമായി വായുസഞ്ചാരം ലഭിക്കുന്ന വിധമായിരിക്കണം ഇങ്ങനെ ചെയ്യേണ്ടത്.
- അപകടം നടന്ന സ്ഥലത്തു നിന്ന് ഉടൻതന്നെ അപകടത്തിൽ പെട്ട വ്യക്തിയെ മാറ്റേണ്ടതുണ്ട്. കാരണം . ധാരാളം പുക ശ്വസിച്ചാൽ അതും പ്രശ്നമാകും. തുറസായ സ്ഥലത്തു പോയി ശുദ്ധവായു ശ്വസിക്കാനുള്ള അവസരം ഒരുക്കണം.
- വളരെ ആഴത്തിലുള്ള പൊള്ളലാണെങ്കിൽ, പൊള്ളിയഭാഗത്തു വേദന അറിയാതെ വരുക, സന്ധികളുടെ ചുറ്റിലും മുഖത്തും പൊള്ളലുകൾ ഉണ്ടാവുക എന്നിങ്ങനെ സംഭവിച്ചാൽ എത്രയും വേഗം ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ആഴത്തിലുള്ള പൊള്ളലുകളിൽ വേദന അറിയാറില്ല എന്നതാണ് പ്രത്യേകത.
- പൊള്ളിയ ഭാഗത്ത് തുണികളും മറ്റും വല്ലാതെ ആഴത്തിൽ കരിഞ്ഞു പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റാൻ വൈദ്യസഹായം തേടണം. ശരീരത്തിന്റെ പലഭാഗങ്ങളിലായി വലിയതോതിൽ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിൽ കുടിക്കാൻ വെള്ളം നൽകേണ്ടതാണ്.
- പൊള്ളിയ ഭാഗത്ത് ഐസ് വയ്ക്കരുത്, തേൻ, വെളിച്ചെണ്ണ, വെണ്ണ തുടങ്ങിയവ പുരട്ടുന്നതിനു പിന്നിൽ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല എന്നാണ് വിദഗ്ധർ പറയുന്നത്. പകരം ആന്റിസെപ്റ്റിക് ക്രീം ഏതെങ്കിലും പുരട്ടാവുന്നതാണ്.
- പൊള്ളലിനെ തുടർന്ന് കുമിളകൾ ഉണ്ടായാൽ അതു പൊട്ടിക്കരുത്. ചെറിയ പൊള്ളലാണെങ്കിൽ വേദന കുറയ്ക്കാൻ പാരസെറ്റമോൾ കഴിക്കാം.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞു പനിയോ മറ്റോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് അണുബാധയുടെ ലക്ഷണമാകാം. അങ്ങനെ ഉള്ളപ്പോഴും സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ആശുപത്രിയിൽ ഉടൻ എത്തുക. - പ്രമേഹം ഉള്ളവർക്കു പൊള്ളലുണ്ടാകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരിൽ അണുബാധ കൂടുതലായി കണ്ടുവരാറുണ്ട്. അവർ എന്ത് അസ്വസ്ഥത ഉണ്ടായാലും ഡോക്ടറെ സമീപിക്കണം.