Keerthy Suresh Mor Kuzhi : കീര്‍ത്തി സുരേഷിന്‍റെ ഇഷ്ടവിഭവമായ മോര്‍ കലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Keerthy Suresh Mor Kuzhi Recipe: ദക്ഷിണേന്ത്യയിലെ തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ക്കിടയില്‍ വളരെയേറെ പ്രചാരത്തിലുള്ള ഒരു വിഭവമാണ് മോര്‍ കലി. പ്രാതലോ ലഘുഭക്ഷണമോ ആയി ചൂടോടെ കഴിക്കാം.

Keerthy Suresh Mor Kuzhi Recipe
ആരാധകർ ഏറെയുള്ള നടിയാണ് കീർത്തി സുരേഷ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താത്പര്യമാണ്. ഇതിനിടെയിൽ താരത്തിന്റെ പ്രിയവിഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോര്‍ കലിയെക്കുറിച്ചാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. മോര്‍ കൂഴ് എന്നും ഈ വിഭവം അറിയപ്പെടുന്നു.
പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. ദക്ഷിണേന്ത്യയിലെ തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ക്കിടയില്‍ വളരെയേറെ പ്രചാരത്തിലുള്ള ഒരു വിഭവമാണ് മോര്‍ കലി. പ്രാതലോ ലഘുഭക്ഷണമോ ആയി ചൂടോടെ കഴിക്കാം. ഇതിനൊപ്പം കഴിക്കാന്‍ മറ്റൊന്നും തന്നെ ആവശ്യമില്ല. അതേപോലെ തന്നെ വളരെയേറെ ആരോഗ്യകരവുമാണ് ഈ വിഭവം.
ആവശ്യമുള്ള ചേരുവകൾ
കട്ടിയുള്ള തൈര് (പുളിയുള്ളത്)- 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
താളിക്കാന്‍
എള്ളെണ്ണ – 8 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -3/4 ടീസ്പൂൺ
ചുവന്ന മുളക് – 2
കായം – ഒരു നുള്ള്
പച്ചമുളക് -1
കറിവേപ്പില – ആവശ്യത്തിന്
Also Read:ഈ മഴക്കാലത്ത് വയലോരത്തിരുന്ന് വൈറൽ പൊറോട്ടയും പോത്തുംകാലും കഴിച്ചാലോ?
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക. തുടർന്ന് കുറച്ച് കുറച്ചയായി തൈര് ചേര്‍ത്ത് ഇളക്കി കൊടുക്കുക (കട്ടകളുണ്ടാകരുത്) ഇതിനു ശേഷം, ഇതിലേക്ക് ഒരു കപ്പ് വെള്ളം കുറച്ചു കുറച്ചായി ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
അടുത്തതായി മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ കടുക്, ഉഴുന്ന്, കായം, ചുവന്ന മുളക് എന്നിവ ചേർക്കുക, കടുക് പൊട്ടി വരുമ്പോൾ, പച്ചമുളകും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം കുറച്ച് കുറച്ചായി ഒഴിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോൾ തീ ചെറുതാക്കി, നേരത്തെ തയാറാക്കിയ അരിപ്പൊടിയും തൈര് ചേർത്ത് തയ്യാറാക്കിയ മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കുക. തീ ഇടത്തരം ആക്കി നന്നായി വേവിക്കുക. ഉപ്പ് പരിശോധിക്കാം, ആവശ്യമെങ്കിൽ ഈ ഘട്ടത്തിൽ കൂടുതല്‍ ഉപ്പ് ചേർക്കുക.
പാത്രത്തിൽ നിന്ന് വിട്ടുവരാന്‍ തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. വിരലുകൾ വെള്ളത്തിൽ മുക്കി ഇത് തൊട്ടു നോക്കുക, കൈയിൽ പറ്റിയാൽ, കുറച്ച് സമയം കൂടി വേവിക്കുക. വെന്തു കഴിഞ്ഞാൽ ഒരു പ്ലേറ്റിൽ ഒഴിച്ച് ചൂടോടെ വിളമ്പുക. തണുക്കുമ്പോൾ ഇത് കൂടുതല്‍ കട്ടിയാകും.