Health Tips: നിങ്ങൾക്ക് 25 വയസ് കഴിഞ്ഞോ? ഇനി മടിക്കരുത്, ഈ പഴങ്ങൾ കഴിച്ചേ മതിയാകൂ
Fruits For Better Health After 25: 25 വയസ്സിനു ശേഷം സ്ത്രീകളിൽ വൈറ്റമിൻ ബി 12, വൈറ്റമിൻ സി, വൈറ്റമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയേക്കാം. ഈ കുറവുകൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
വാർദ്ധക്യം എന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. പ്രായമാകുമ്പോൾ നമ്മുടെ ശരീരം ദുർബലമായേക്കാം. പ്രത്യേകിച്ച് സ്ത്രീകളിൽ. എന്നാൽ പ്രായമാകുമ്പോഴുണ്ടാകുന്ന ചില മാറ്റങ്ങളെ നമുക്ക് ശരിയായ ഭക്ഷണക്രമത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കും. 25 വയസ്സിനു ശേഷം സ്ത്രീകളിൽ വൈറ്റമിൻ ബി 12, വൈറ്റമിൻ സി, വൈറ്റമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയേക്കാം. ഈ കുറവുകൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്, സ്ത്രീകൾ അവരുടെ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് നിർബന്ധമാണ്. പ്രത്യേകിച്ച് 25 നും 30 നും ഇടയിൽ പ്രായമുള്ളവർ. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നതനുസരിച്ച്, ഓരോ സ്ത്രീയും 25 വയസിന് ശേഷം അവരുടെ ഭക്ഷണത്തിൽ ചില പഴവർഗങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ചെറി പഴങ്ങൾ: അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷൻ അനുസരിച്ച്, 25 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ചെറികൾ വളരെയധികം ഗുണം ചെയ്യും. അസ്ഥി ബലഹീനത, ആർത്രൈറ്റിസ് തുടങ്ങിയ പ്രായവുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ അവ സഹായിക്കും. ആഴ്ചയിൽ നാല് തവണയെങ്കിലും ചെറി ജ്യൂസ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
തക്കാളി: തക്കാളി നല്ലൊരു പച്ചക്കറിയിനത്തിൽപ്പെട്ട പഴമാണ്. സ്ത്രീകൾക്ക് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് തക്കാളിയിൽ ധാരാളമായി കാണപ്പെടുന്ന ലൈക്കോപീൻ എന്ന പോഷകത്തിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല, ശ്വാസകോശ, ആമാശയ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും തക്കാളിക്ക് കഴിയും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്താൻ ശ്രമിക്കുക.
പപ്പായ: 25 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് നിർണായകമായ വൈറ്റമിൻ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകൾ എന്നിവയുൾപ്പെടെ അവശ്യ വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് പപ്പായ. ഹൃദ്രോഗം, പ്രമേഹം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും പപ്പായയ്ക്ക് കഴിയും.
പേരയ്ക്ക: ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ (100 ഗ്രാമിൽ 22 മില്ലിഗ്രാം), പേരയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യം നൽകാനും പേരയ്ക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ആപ്പിൾ: ദഹനത്തെ സഹായിക്കുകയും, കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും, അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന പെക്റ്റിൻ നാരുകളുടെ മികച്ച ഉറവിടമാണ് ആപ്പിൾ. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.