Independence Day 2025 : സ്വാതന്ത്ര്യ ദിനം കളറാക്കാൻ ത്രിവർണ്ണ ഇഡ്ഡലി, പുട്ട്! ഇങ്ങനെ തയ്യാറാക്കാം
Independence Day Special Recipes: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷിക്കുന്നതിന്റെ ഭാഗമായി ത്രിവർണ പതാകയുടെ നിറത്തിലുള്ള കേരള വിഭവങ്ങൾ തയാറാക്കിയാലോ?

Tri Colour Puttu And Idli
രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിനത്തിൽ വ്യത്യസ്തമായ രുചികൾക്കും വലിയ പങ്കാണുള്ളത്. അതിൽ ത്രിവർണ നിറത്തിലുള്ള പലഹാരങ്ങളാണ് പ്രധാനം. ത്രിവർണ പതാകയുടെ നിറത്തിലുള്ള വിഭവങ്ങൾ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ത്രിവർണ്ണ ഇഡ്ഡലി തയ്യാറാക്കാം
വേണ്ട ചേരുവകൾ
അരി 2 ഗ്ലാസ്
ഉഴുന്ന് 1/4 ഗ്ലാസ്
ഉലുവ 1/4 സ്പൂൺ
കറിവേപ്പില 2 തണ്ട്
ഇഞ്ചി 1 സ്പൂൺ
മല്ലിയില 4 സ്പൂൺ
പച്ചമുളക് 1 എണ്ണം
തക്കാളി-1 എണ്ണം
ചുവന്ന മുളക്-3 എണ്ണം
ഇഞ്ചി -1 സ്പൂൺ
തയ്യാറാകുന്ന വിധം
അരിയും ഉഴുന്നും കുറച്ച് ഉലുവയും ചേർത്ത് അരച്ച് ഒരു എട്ടുമണിക്കൂർ പുളിക്കാൻ വെയ്ക്കുക. ഇതിനു ശേഷം അരച്ച് വച്ച ഇഡലി മാവ് മൂന്ന് പാത്രത്തിലായി മാറ്റിവെയ്ക്കുക. ഇതിനു ശേഷം മിക്സിയുടെ ജാറിലേക്ക് പച്ചനിറത്തിനായി കറിവേപ്പിലയും, മല്ലിയിലയും, കുറച്ചു പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് മാറ്റിവച്ച ആദ്യത്തെ പാത്രത്തിലെ മാവിലേക്ക് ഒഴിക്കുക.
ഓറഞ്ച് നിറത്തിനായി കുറച്ച് തക്കാളി, ചുവന്ന മുളക്, ഇഞ്ചി, ഇത്രയും ചേർത്ത് നന്നായി അരച്ചെടുക്കു. ഇത് രണ്ടാമത്തെ മാവിലേക്ക് ചേർക്കുക. മൂന്നാമതായി വെള്ള നിറത്തിലുള്ള ഇഡ്ഡലിക്കായി സാധാരണ നമ്മൾ ഇഡ്ലി തയ്യാറാക്കിയാൽ മതി. ഇതിനു ശേഷം ഇഡ്ലി തട്ടില് മാവ് ഒഴിച്ചതിനു ശേഷം ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാവുന്നതാണ്. വളരെ രുചികരവും ആരോഗ്യകരവുമാണ് ഈ ഇഡ്ഡലി.
Also Read:സ്വാതന്ത്ര്യദിനം കളറാക്കാം, അടിപൊളി ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ…
ത്രിവർണ്ണ പുട്ട് തയ്യാറാക്കാം
ചേരുവകൾ
ക്യാരറ്റ് – 1 വേവിച്ചത് അരച്ചത്
പൊതീന, മല്ലിയില, പച്ചചീര – അരച്ചത് 1/2 കപ്പ്
പുട്ടുപൊടി- 1.5 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഓറഞ്ച് നിറത്തിനായി ഒരു പാത്രത്തിൽ ക്യാരറ്റ് വേവിച്ച് അരച്ച് എടുക്കുക. ഇതിൽ ഉപ്പും, പുട്ടുപൊടി കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. പച്ച നിറത്തിലുള്ള പുട്ടിന് വേറൊരു പാത്രത്തിൽ പൊതീന, മല്ലിയില, പച്ചചീര അരച്ചത് ചേർത്ത് ഉപ്പും പുട്ടുപൊടി കൂടി ചേർത്ത് കുഴയ്ക്കുക. വെള്ള പുട്ടിനായി പുട്ടുപൊടി ഉപ്പും ചേർത്ത് വെക്കുക. ഇതിനു ശേഷം പുട്ടുകുറ്റിയിൽ ആദ്യം പച്ചനിറത്തിലുള്ള പുട്ടും ഇതിനു മുകളിൽ വെള്ള നിറത്തിലുള്ള പുട്ടും, മുകളിലായി ഓറഞ്ച് നിറത്തിലുള്ള പുട്ടുപൊടിയും ചേർത്ത് വേവിച്ചെടുക്കുക.സ്വാദിഷ്ടമായ ത്രിവർണ നിറം പുട്ട് റെഡി.