Good Morning Kollam: പോക്കറ്റ് കാലിയാകാതെ വിശപ്പടക്കാം; പത്ത് രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിങ് കൊല്ലം’
Good Morning Kollam: പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി. കീശയിലെ കാശ് കാലിയാകാതെ വയറ് വിശപ്പടക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

Kerala Putt
കൊല്ലം: കുറഞ്ഞ വിലയിൽ സാധാരണക്കാരായ ജനങ്ങൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്‍ ആരംഭിച്ച ‘ഗുഡ്‌മോണിങ് കൊല്ല’ത്തിന് വൻ സ്വീകാര്യത. പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി. കീശയിലെ കാശ് കാലിയാകാതെ വയറ് വിശപ്പടക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
കോര്‍പ്പറേഷന്‍ വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനുള്ള ആലോചനയിലാണ് കോര്‍പ്പറേഷന്‍. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് പുതിയ കൗണ്ടറുകള്‍ തുടങ്ങാൻ സാധ്യത.
Also Read:ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ വീട്ടിൽ തയ്യാറാക്കിയാലോ
സംസ്ഥാനത്ത് ഇതാദ്യമായാണ് പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം നൽകുന്നത്. ചിന്നക്കട ബസ് ബേയ്ക്ക് സമീപം ഒരുക്കിയിരിക്കുന്ന കൗണ്ടറിലാണ് ഭക്ഷണവിതരണം നടത്തുന്നത്. രാവിലെ ഏഴ് മണി മുതൽ ഒൻപതര വരെയാണ് വിതരണം നടക്കുക. ഭക്ഷണം തീരുന്നതിനനുസരിച്ച് ആ സമയം കൂടിയും കുറഞ്ഞും ഇരിക്കും.
ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഭക്ഷണവിതരണച്ചുമതല. ഗുണഭോക്താക്കളില്‍നിന്നു ലഭിക്കുന്ന 10 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കും. ഗുണഭോക്താവില്‍നിന്നു ലഭിക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്റെ വിഹിതമായ 30 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.