Kondattam Mulaku Curry: കൊണ്ടാട്ടം മുളകും തൈരും തേങ്ങയും മതി…. ഒരു നൊസ്റ്റാൾജിക് കറി ഉണ്ടാക്കാം
Kondattam Mulaku Curry Recipe: ഉച്ചയൂണിനും അത്താഴത്തിനും കറിയുണ്ടാക്കാൻ മടി തോന്നുമ്പോൾ പ്രയോഗിക്കാവുന്ന പൊടിക്കൈ എന്നതിനപ്പുറം ഇതൊരു പഴയകാല രുചിയിലേക്കുളള തിരിച്ചുപോക്കു കൂടിയാണ്.

Kondattam Mulaku Curry
കൊണ്ടാട്ടം എന്നു കേൾക്കുമ്പോൾ മനസ്സിൽ അമ്മയുടെ മുഖം ഓടി എത്തുന്നവരുണ്ടാകും. മുളക് ഉണക്കി സൂക്ഷിച്ച് ഊണിന് കറികൾക്കൊപ്പം അലങ്കാരത്തിനും കറിയില്ലാത്തപ്പോൾ പ്രധാന കറിയായും വിളമ്പുന്ന അമ്മയുടേയും മുത്തശ്ശിമാരുടേയും കരുതൽ സമ്പാദ്യമാണിത്. ഇതു വെച്ച് ഗൃഹാതുരത്വം ഉണർത്തുന്ന ഒരു കറി ഉണ്ടാക്കിയാലോ? കൊണ്ടാട്ടവും തൈരും തേങ്ങയുമെല്ലാം ചേർത്തൊരു രുചിക്കൂട്ട്. ഉച്ചയൂണിനും അത്താഴത്തിനും കറിയുണ്ടാക്കാൻ മടി തോന്നുമ്പോൾ പ്രയോഗിക്കാവുന്ന പൊടിക്കൈ എന്നതിനപ്പുറം ഇതൊരു പഴയകാല രുചിയിലേക്കുളള തിരിച്ചുപോക്കു കൂടിയാണ്.
ആവശ്യമായ സാധനങ്ങൾ
- കൊണ്ടാട്ടം മുളക്: 10-15 എണ്ണം
- തേങ്ങ ചിരകിയത്: 1 കപ്പ്
- പുളിയുള്ള തൈര്: 1/2 കപ്പ് (അല്ലെങ്കിൽ ആവശ്യത്തിന്)
- കറിവേപ്പില: 2 തണ്ട്
- വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്
- ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന ഘട്ടങ്ങൾ
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കൊണ്ടാട്ടം മുളക് കരിഞ്ഞുപോകാതെ വറുത്തെടുക്കുക. വറുത്ത മുളക് എണ്ണയിൽ നിന്ന് മാറ്റി വെക്കുക. ചിരകിവെച്ച തേങ്ങ വറുത്തെടുത്ത കൊണ്ടാട്ടം മുളകിനൊപ്പം വെള്ളവും ചേർത്ത് നല്ല വെണ്ണപോലെ അരച്ചെടുക്കുക. അൽപം വെള്ളം കൂടുതലൊഴിച്ച് കറിക്കാവശ്യത്തിനുള്ള രൂപത്തിലാക്കണം. അരച്ചു വെച്ച തേങ്ങയിലേക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. (തൈര് അധികം പുളിയുള്ളതാണെങ്കിൽ അളവ് കുറയ്ക്കാം).
ഈ കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അടുപ്പത്തുവെച്ച് ചൂടാക്കുക. അല്പം വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറുവേപ്പില ചേർത്ത് താളിച്ച് കറിയിലേക്ക് ചേർക്കാവുന്നതാണ്. കൊണ്ടാട്ടം മുളകിൽ നേരത്തെ തന്നെ ഉപ്പുള്ളതിനാൽ കറിയിൽ ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക.
അധികം എരിവ് ഇഷ്ടമുള്ളവർക്ക് വറുത്ത മുളക് കൂടുതൽ പൊട്ടിച്ചിടാവുന്നതാണ്.