Kit Kat: ഈ രാജ്യത്തുള്ളവർ കിറ്റ്കാറ്റ് വാങ്ങുന്നത് കഴിക്കാനല്ല, പിന്നെ…
Why Kit Kat So Popular In Japan: അമിത മധുരമായതിനാൽ ജപ്പാനിൽ കിറ്റ് കാറ്റ് കഴിക്കുന്നവർ വളരെ കുറവാണ്. എന്നിരുന്നാലും ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായി കിറ്റ്കാറ്റ് മാറി.

Kit Kat
1935-ൽ പുറത്തിറങ്ങിയതിനുശേഷം, വിപണിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ചോക്ലേറ്റ് ബ്രാൻഡാണ് കിറ്റ് കാറ്റ്. ചൈന, തായ്‌ലൻഡ്, ഇന്ത്യ, റഷ്യ എന്നിവയുൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന ഈ ചോക്ലേറ്റ് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ജപ്പാന്റെ കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ട്. ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റ് ബാറാണ് കിറ്റ് കാറ്റ്. എന്നാൽ കഴിക്കാനല്ല, പിന്നെയോ….
അമിത മധുരമായതിനാൽ ജപ്പാനിൽ കിറ്റ് കാറ്റ് കഴിക്കുന്നവർ വളരെ കുറവാണ്. എന്നിരുന്നാലും ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നായി കിറ്റ്കാറ്റ് മാറി. 1973ലാണ് ബ്രീട്ടിഷ് ചോക്ലേറ്റ് ബാറായ കിറ്റ്കാറ്റ് ജപ്പാനിൽ എത്തിയത്. എന്നാൽ ജപ്പാന്റെ ഇഷ്ടത്തിന് വിപരീതമായ രുചിയായതിനാൽ വലിയ പ്രശസ്തി നേടിയിരുന്നില്ല.
എന്നാൽ രണ്ടായിരങ്ങളുടെ തുടക്കത്തിൽ നിരവധി വിദ്യാർത്ഥികൾ കിറ്റ് കാറ്റ് വാങ്ങാൻ തുടങ്ങി. എന്നാൽ അതും കഴിക്കാനായിരുന്നില്ല. കിറ്റ് കാറ്റുകൾ ജാപ്പനീസ് ഭാഷയിൽ ‘കിറ്റോ കട്ടോ’ എന്നാണ് ഉച്ചരിക്കുന്നത്, ‘ഭാഗ്യം’ അല്ലെങ്കിൽ ‘തീർച്ചയായും ജയിക്കുക’ എന്നർത്ഥമുള്ള ‘കിറ്റോ കട്‌സു’ എന്ന വാക്യവുമായി ഇവയ്ക്ക് ഏറെ സാമ്യമുണ്ട്. ഇക്കാരണത്താൽ ഭാഗ്യത്തിന്റെ അടയാളമായി ചോക്ലേറ്റ് കാൻഡി ബാർ ആ രാജ്യത്തിൽ ജനപ്രിയമാവുകയായിരുന്നു.
പരീക്ഷാ സമയങ്ങളിൽ കിറ്റ് കാറ്റിന്റെ വിൽപന കുതിച്ചുയരുന്നത് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് അവർ മാർക്കറ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെ ജപ്പാനിലെ ഭാഗ്യ അടയാളമായി കിറ്റ് കാറ്റ് മാറി. ഇപ്പോൾ ലോകത്ത് മറ്റ് ഇടങ്ങളിൽ ഇല്ലാത്ത 450ഓളം തരം കിറ്റ്കാറ്റുകൾ ഇന്ന് ജപ്പാനിൽ ഉണ്ടെന്നാണ് വിവരം.