Onam 2025: കേരളവും ഇന്ത്യയും കടന്ന് ഓണസദ്യ; ആഗോളതലത്തിൽ വൻ ഹിറ്റ്
Onam Sadya Goes Global: കേരളവും കടന്ന് ഓണസദ്യ ആഗോളതലത്തിലേക്ക്. വിവിധ രാജ്യങ്ങളിൽ ഓണസദ്യ വൻ ഹിറ്റാണ്.
ഓണക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഓണസദ്യ. നമുക്കൊക്കെ പ്രിയപ്പെട്ട ഓണസദ്യ ഇന്ന് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായി ഉരുത്തിരിഞ്ഞതാണെങ്കിലും ഓണസദ്യ ഇന്നൊരു ഗ്ലോബ്ബൽ കുസീൻ ആണ്. ആഗോളതലത്തിൽ ഓണസദ്യ വൻ ഹിറ്റായിക്കഴിഞ്ഞു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ മലയാളികളാണ് ഓണസദ്യയെ ആഗോളമാക്കിയത്. അമേരിക്കയിലെ വിവിധ ഇടങ്ങളിൽ മലയാളിക്കൂട്ടായ്മകൾ നടത്തുന്ന ഓണസദ്യയിൽ ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. വിവിധ റെസ്റ്റോറൻ്റുകളും ഓണസദ്യ ഒരു വിഭവമായിത്തന്നെ നൽകുന്നുണ്ട്. ഓണക്കാലത്ത് ഓണസദ്യ മെനുവിലെ സ്പെഷ്യൽ വിഭവമാണ്. മലയാളികൾ മാത്രമല്ല, എല്ലാത്തരം ആളുകളും സദ്യ രുചിക്കാൻ എത്താറുണ്ട്.
Also Read: Onam 2025: പൂക്കളം ഇടേണ്ടത് എന്ന് മുതൽ? 10 ദിവസങ്ങളിൽ പത്ത് രീതിയിൽ….
ഭക്ഷണത്തിനപ്പുറം നമ്മുടെ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ് ഓണസദ്യ. മറുനാട്ടിലെ മലയാളികൾക്ക് കേരളത്തിൻ്റെ സ്വാദ് മുഴുവൻ ലഭിക്കുന്ന ഓണസദ്യ അതുകൊണ്ട് തന്നെ മറ്റുള്ളവർക്കും പ്രിയങ്കരമാണ്. ന്യൂയോർക്ക്, ഷിക്കാഗോ, കാലിഫോർണിയ തുടങ്ങി അമേരിക്കയിലെ വിവിധയിടങ്ങളിൽ ഇത്തരം കൂട്ടായ്മകൾ സജീവമാണ്. ഇവിടങ്ങളിലുള്ള ദക്ഷിണേന്ത്യൻ റെസ്റ്റോറൻ്റുകൾ ഈ സമയത്ത് കേരള സ്റ്റൈലിലേക്ക് മാറും. ഭക്ഷണം വിളമൗക വാഴയിലയിൽ. റെസ്റ്റോറൻ്റിൽ പൂക്കളവും പരമ്പരാഗത സംഗീതവും. ആകെ മൊത്തത്തിൽ ഒരു മിനി കേരള വൈബ്. ഇവിടെയിരുന്ന് ഒരു ഓണസദ്യ കൂടി കഴിച്ചാൽ കാര്യം കളർഫുൾ.
പരമ്പരാഗത സദ്യയിൽ അതാത് പ്രദേശങ്ങളിലെ രുചിക്കൂട്ടുകൾ പരീക്ഷിച്ചുള്ള ഫ്യൂഷൻ സദ്യകൾക്കും ആരാധകരേറെയാണ്. സദ്യ ഫോർമാറ്റിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ഈ ഫ്യൂഷൻ പരീക്ഷണം. ലണ്ടനിലെയും ദുബായിലെയും മറ്റും റെസ്റ്റോറൻ്റുകൾ ഫൈൻ ഡൈനിങ് സൗകര്യവും വാഴയിലയിലെ ബുഫെയും അടക്കം അവതരിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതി സൗഹൃദഭക്ഷണമെന്ന ആശയവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. വെജിറ്റേറിയൻ ആണെന്നതും പാത്രങ്ങളോ മറ്റോ വേണ്ട എന്നതിനാലും സദ്യ പൂർണമായും വളരെ സവിശേഷകരമായ ഒരു അനുഭവമായാണ് ഇവിടങ്ങളിൽ കണക്കാക്കപ്പെടുന്നത്.