Tirupati laddu: തിരുപ്പതിയിൽ പോയാൽ ലഡു നിർബന്ധം…. മനോഹരം എന്ന വിഭവം വെങ്കിടേശ്വരന്റെ ലഡുവായ കഥ
Tirupati prasadam from Manoharam : തിരുപ്പതി ക്ഷേത്ര ചരിത്രത്തിൽ ഒരു സുപ്രധാന അധ്യായം കുറിച്ചത് 1715 ഓഗസ്റ്റ് 2-നാണ്. അന്നാണ്, ഉരുണ്ടതും രുചികരവുമായ ലഡ്ഡു ഔദ്യോഗികമായി ഭഗവാന് നിവേദ്യമായി സമർപ്പിച്ചു തുടങ്ങിയത്.
തിരുപ്പതി ലഡു എന്നു പറഞ്ഞാൽ ചിലർക്ക് നൊസ്റ്റാൾജിയയാണ്.. ചിലർക്ക് പ്രാർത്ഥനയാണ്. ചിലർക്ക് രുചിയാണ്….എന്നാൽ ഇതിനെല്ലാം അപ്പുറം അതൊരു പരിണാമത്തിന്റെ കഥയും ഒരു പ്രദേശത്തിന്റെ തന്നെ പ്രത്യേകതകളിൽ ഒന്നുകൂടിയാണ്. തിരുപ്പതി ക്ഷേത്രത്തിലെത്തുന്ന എല്ലാവരും ദർശനത്തിനു ശേഷം ഓടുക ലഡു വാങ്ങാനാകും. നെയ്യിന്റെയും പരിപ്പിന്റെയും മധുരമണമുള്ള ആ വലിയ ലഡുവിനും ഒരു വലിയ കഥയുണ്ട്.
ലഡ്ഡു പോട്ടുവിലെ രുചി രഹസ്യം
ക്ഷേത്ര വളപ്പിലെ ലഡ്ഡു പോട്ടു എന്ന് പേരുള്ള പ്രത്യേക അടുക്കളയിലാണ് ഈ പ്രസാദം തയ്യാറാക്കുന്നത്. കടലമാവ്, നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്ക എന്നിവയെല്ലാം കൃത്യമായ ദിട്ടം എന്ന അളവിൽ ചേർത്താണ് ലഡ്ഡു ഉണ്ടാക്കുന്നത്. 1996-ൽ ടി.ടി.ഡി ലഡ്ഡു നിർമ്മാണം പൂർണ്ണമായി ഏറ്റെടുക്കുകയും പ്രതിദിനം ലക്ഷക്കണക്കിന് ലഡ്ഡുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
രുചിയുടെ പരിണാമം: ഒരു നൂറ്റാണ്ടിന്റെ മാറ്റം
ഇന്ന് കാണുന്ന തിരുപ്പതി ലഡ്ഡുവിന്റെ രൂപത്തിലേക്ക് എത്തുന്നതിന് മുൻപ് ഇത് പല പരിണാമങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടിലെ പല്ലവ രാജാക്കന്മാരുടെ കാലം മുതൽ വെങ്കിടേശ്വര സ്വാമിക്ക് വിവിധതരം നിവേദ്യങ്ങൾ സമർപ്പിച്ചിരുന്നു. അക്കാലത്ത് ചോറ്, സുയ്യം, അപ്പം തുടങ്ങിയവയ്ക്കൊപ്പം മനോഹരം എന്നൊരു മധുരപലഹാരവും ഉൾപ്പെടുത്തിയിരുന്നു. ഈ മനോഹരമാണ് ഇന്നത്തെ ലഡ്ഡുവിന്റെ പൂർവ്വികനായി കണക്കാക്കുന്നത്.
Also read – ഇനി തലേന്ന് അരച്ചു വെക്കേണ്ട, ഇഡലിമാവ് ഒരു മണിക്കൂറിൽ പുളിക്കാനും വഴികളേറെ
തിരുപ്പതി ക്ഷേത്ര ചരിത്രത്തിൽ ഒരു സുപ്രധാന അധ്യായം കുറിച്ചത് 1715 ഓഗസ്റ്റ് 2-നാണ്. അന്നാണ്, ഉരുണ്ടതും രുചികരവുമായ ലഡ്ഡു ഔദ്യോഗികമായി ഭഗവാന് നിവേദ്യമായി സമർപ്പിച്ചു തുടങ്ങിയത്. എന്നാൽ, തുടക്കത്തിൽ ഇത് ഭക്തർക്ക് വ്യാപകമായി വിതരണം ചെയ്തിരുന്നില്ല. 1803 മുതൽ തീർത്ഥാടകർക്ക് പൂന്തി എന്ന മറ്റൊരു പ്രസാദമാണ് നൽകിയിരുന്നത്, ലഡ്ഡു രാജാക്കന്മാർക്കും പ്രമുഖർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകളിലൂടെ ലഡ്ഡുവിന്റെ പാചകക്കുറിപ്പിലും രൂപത്തിലും മാറ്റങ്ങൾ വന്നു.
കല്യാണം അയ്യങ്കാർ ആണ് ഈ മാറ്റത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച വ്യക്തി. ക്ഷേത്ര അടുക്കളയിൽ മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിനായി അദ്ദേഹം മിറാസിദാരി സമ്പ്രദായം ( പാരമ്പര്യ അവകാശം ) അവതരിപ്പിച്ചു. ഈ സമ്പ്രദായം 2001-ൽ ടി.ടി.ഡി നിർത്തലാക്കിയെങ്കിലും, ലഡ്ഡുവിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായി നിലനിൽക്കുന്നു.