Gold: പഴയ ഫോൺ കളയല്ലേ, ഉള്ളിൽ സ്വർണം ഉണ്ട്! എളുപ്പത്തിൽ വേർതിരിച്ചെടുക്കാം
Gold Extraction From Mobile Phone: ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്നത് എന്തിനാണ് എന്ന സംശയം പലർക്കുമുണ്ടാവാം. പരിസ്ഥിതിക്ക് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മാറ്റമുണ്ടാക്കാൻ ഈ കണ്ടെത്തലിന് കഴിയുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.

പ്രതീകാത്മക ചിത്രം
പഴയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, റിമോട്ട് കൺട്രോളുകൾ, ചീത്തയായ സർക്യൂട്ട് ബോർഡുകൾ……. തുടങ്ങി ലോകമെമ്പാടും എല്ലാ വർഷവും ദശലക്ഷക്കണക്കിന് ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? സ്വർണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് സ്വർണ്ണം എങ്ങനെ വേർതിരിക്കാമെന്ന് നോക്കാം….
ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്നത് എന്തിനാണ് എന്ന സംശയം പലർക്കുമുണ്ടാവാം. മികച്ച വൈദ്യുതചാലകതയ്ക്കാണ് ഇത് എന്നാണ് ഉത്തരം. വളരെ ചെറിയ അളവിലാണ് ഇവയിൽ സ്വർണ്ണം ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിലും ഈ രീതിയിൽ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെയും സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെയും കീഴിലുള്ള ഗ്വാങ്‌ഷോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി കൺവേർഷനിലെ ശാസ്ത്രജ്ഞരാണ് ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പരിസ്ഥിതിക്ക് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മാറ്റമുണ്ടാക്കാൻ ഈ കണ്ടെത്തലിന് കഴിയുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു.
ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഈ രീതി ഉപയോഗിച്ച് മുറിയിലെ താപനിലയിൽ 20 മിനിറ്റിനുള്ളിൽ സ്വർണ്ണം വേർതിരിച്ചെടുക്കാൻ കഴിയും. നിലവിലുള്ള സ്വർണ്ണ വീണ്ടെടുക്കൽ രീതികളുടെ വിലയുടെ മൂന്നിലൊന്ന് മാത്രമാണ് ഇതിന് ചെലവാകുന്നത്. മൊബൈൽ ഫോൺ സിപിയുകളിൽ നിന്നും പ്രിന്റഡ് സർക്യൂട്ട് ബോർഡുകളിൽ (പിസിബി) നിന്നും 98.2 ശതമാനത്തിലധികം സ്വർണ്ണം വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ രീതി ഉപയോഗിച്ച് 93.4 ശതമാനം വരെ പല്ലേഡിയം വേർതിരിച്ചെടുക്കാനും കഴിയും.