Poori Recipe: ചീര കൊണ്ട് പൂരി ഉണ്ടാക്കിയാലോ; പ്ലേറ്റ് കാലിയാകും, ആരോഗ്യവും കിട്ടും!
Spinach Poori Recipe: എന്നും ദോശയോ പുട്ടോ കഴിച്ച് മടുത്തോ? നാളെ ഒരു വൈറൈറ്റി റെസിപ്പി ആയാലോ.... ആരോഗ്യഗുണങ്ങളും രുചിയും തികഞ്ഞൊരു സ്വാദിഷ്ടമായ പാലക് ചീര പൂരി റെസിപ്പി തന്നെയായിക്കോട്ടേ..... വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണ് പാലക് ചീര പൂരി.

പ്രതീകാത്മക ചിത്രം
ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിൽ പ്രഭാതഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അപ്പം, ദോശ, പുട്ട് തുടങ്ങി മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ തന്നെ ഒരു ആഢ്യത്വമുണ്ട്. എന്നാൽ എന്നും ദോശയോ പുട്ടോ കഴിച്ച് മടുത്തോ? നാളെ ഒരു വൈറൈറ്റി റെസിപ്പി ആയാലോ…. ആരോഗ്യഗുണങ്ങളും രുചിയും തികഞ്ഞൊരു സ്വാദിഷ്ടമായ പാലക് ചീര പൂരി റെസിപ്പി തന്നെയായിക്കോട്ടേ…..
പാലക് ചീര പൂരി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണ് പാലക് ചീര പൂരി. പാലക് ചീര ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. പാലക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്.
ആവശ്യമായ ചേരുവകൾ
- മൈദ: 1 കപ്പ്
- റവ: 1/2 കപ്പ്
- ഉരുളകിഴങ്ങ്: 2 എണ്ണം
- പാലക് ചീര: ഒരു കപ്പ്
- ഉപ്പ്
- വെളിച്ചെണ്ണ
ALSO READ: എണ്ണ ഒട്ടും കുടിക്കില്ല, നല്ല മൊരിഞ്ഞ പൂരി ചുട്ടെടുക്കാം! ഇതാ ചില പൊടിക്കൈകൾ
തയ്യാറാക്കുന്ന വിധം
- പാലക് ചീര പൂരി തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാത്രത്തിൽ മൈദയും റവയും ഉപ്പും നല്ല പോലെ മിക്സ് ചെയ്ത് തിളച്ച വെള്ളം കൊണ്ട് നന്നായി കുഴച്ചു എടുക്കുക.
- മാവ് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഇതിലേക്ക് വേവിച്ച ഉരുളകിഴങ്ങ് മിക്സിയിൽ അരച്ചത് ചേർക്കുക.
- ചീരയില വെള്ളത്തിലിട്ട് തിളപ്പിച്ച് അത് മിക്സിയിൽ അരച്ചെടുത്തതും തയാറാക്കിയ മാവിലേക്ക് ചേർക്കുക.
- മാവ് നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക. ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം പരത്തിയെടുക്കുക.
- പൂരി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. രുചികരമായ പാലക് ചീര പൂരി റെഡി!
പാലക് ചീര ആരോഗ്യഗുണങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പാലക് ചീര. പാലക് ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ A, ലൂട്ടീൻ, സെക്സാന്തിൻ എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചമങ്ങൽ തടയാനും പാലക് സഹായിക്കും. കാൽസ്യം, വിറ്റാമിൻ K, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ അസ്ഥികളുടെ ബലവും സാന്ദ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
English Summary:
Palak Cheera Poori is a nutritious and flavorful breakfast option made by incorporating spinach into the traditional poori dough. The recipe uses one cup of maida, half a cup of rava, two boiled potatoes, one cup of palak leaves, salt and oil for frying.