International Women’s Day 2026: ആഘോഷിക്കാം, ആഹ്ളാദിക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
Women’s Day 2026 Celebration: നിരന്തര പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് മാര്‍ച്ച് എട്ടിന് വനിതാ ദിനം ആഘോഷിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചത്. ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂന്നിയാണ് ഐക്യരാഷ്ട്ര സഭ വനിതാ ദിനം ആഘോഷിക്കാറുള്ളത്.

പ്രതീകാത്മക ചിത്രം
ഇന്ന് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം, ഈ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കുമായൊരു ദിനം. സ്ത്രീകളുടെ ജീവിതം സാമൂഹികവും രാഷ്ട്രീയവുമായി മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിളിച്ചോതുക എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. നിരന്തര പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് മാര്‍ച്ച് എട്ടിന് വനിതാ ദിനം ആഘോഷിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചത്. ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂന്നിയാണ് ഐക്യരാഷ്ട്ര സഭ വനിതാ ദിനം ആഘോഷിക്കാറുള്ളത്.
ഈ വര്‍ഷത്തെ പ്രമേയം- നേട്ടത്തിനായി നല്‍കുക എന്ന പ്രമേയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ വനിതാ ദിനം ആചരിക്കുന്നത്. ദാനത്തിലൂടെ ലിംഗസമത്വം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് പോരാടാം എന്ന ആശയം ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്നു.
വനിതാ ദിനത്തിന്റെ ചരിത്രം
1975ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് ഔദ്യോഗികമായി വനിതാ ദിനമായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി തുടങ്ങിയിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നാണ് ഈ പോരാട്ടത്തിന്റെ തുടക്കം.
പ്രധാനപ്പെട്ടവ-
1908ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് 15,000 ത്തിലധികം സ്ത്രീകള്‍ മാര്‍ച്ച് നടത്തിയിരുന്നു.
പിന്നീട് 1910ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകയായ ക്ലാര സെറ്റ്കിന്‍ അന്താരാഷ്ട്ര വനിതാ ദിനം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചു, ഇതിനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഏകകണ്ഠമായിം അംഗീകരിച്ചു.
1917ല്‍ ഒന്നാം ലോകമഹായുദ്ധം നടക്കുന്നതിനിടെ റഷ്യയിലെ സ്ത്രീകള്‍, സമാധാനം, വോട്ടവകാശം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കി. മാര്‍ച്ച് എട്ടിനായിരുന്നു ഈ പണിമുടക്ക് ആരംഭിച്ചത്. ഇതിന് പിന്നാലെ 1975ലാണ് മാര്‍ച്ച് ഐക്യരാഷ്ട്രസഭ വനിതാ ദിനമായി പ്രഖ്യാപിക്കുന്നത്.