AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parenting Tips: അഴകിനൊപ്പം ആരോഗ്യം മറക്കല്ലേ! കുഞ്ഞിൻ്റെ കണ്ണുകളിൽ കൺമഷി പുരട്ടാറുണ്ടോ; ഇതൂടെ അറിഞ്ഞുവച്ചോ

NewBorn Babycare Tips: അടുത്തിടെ ഉത്തർപ്രദേശിലെ ജൗൻപൂരിൽ കൺമഷി പുരട്ടിയതിനെത്തുടർന്ന് കുഞ്ഞുങ്ങൾക്ക് കണ്ണിന് അസ്വസ്ഥതയും കടുത്ത വീക്കവും അണുബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകൾ ഗൗരവകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Parenting Tips: അഴകിനൊപ്പം ആരോഗ്യം മറക്കല്ലേ! കുഞ്ഞിൻ്റെ കണ്ണുകളിൽ കൺമഷി പുരട്ടാറുണ്ടോ; ഇതൂടെ അറിഞ്ഞുവച്ചോ
Parenting TipsImage Credit source: imageBROKER/Muthuraman V/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 06 Feb 2026 | 11:11 AM

കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം കണ്ണ് എഴുതുന്നതും കവിളിൽ കറുത്ത പൊട്ടുതൊടുന്നതും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. ദൃഷ്ടിദോഷം മാറ്റാനെന്ന വിശ്വാസത്തോടെ നാം ചെയ്യുന്ന ഈ ശീലം പക്ഷേ, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സുരക്ഷിതമാണ്? അടുത്തിടെ ഉത്തർപ്രദേശിലെ ജൗൻപൂരിൽ കൺമഷി പുരട്ടിയതിനെത്തുടർന്ന് കുഞ്ഞുങ്ങൾക്ക് കണ്ണിന് അസ്വസ്ഥതയും കടുത്ത വീക്കവും അണുബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകൾ ഗൗരവകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കാഴ്ചയുടെ ആദ്യ കിരണങ്ങൾ സ്വീകരിക്കുന്ന ആ കുഞ്ഞുക്കണ്ണുകളിൽ രാസവസ്തുക്കൾ നിറഞ്ഞ കൺമഷി പുരട്ടുമ്പോൾ, നാം അറിയാതെ പോകുന്ന അപകടങ്ങൾ എന്തൊക്കെയാണ്?

കൺമഷിയിലെ ലെഡ് (ഈയം) പോലുള്ള ലോഹങ്ങളുടെ സാന്നിധ്യവും, അശാസ്ത്രീയമായ ഉപയോഗവും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഓരോ മാതാപിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കണം. പീഡിയാട്രീഷ്യനായ ഡോ. ഗുഞ്ചൻ പട്ടേലാണ് ഇക്കാര്യത്തെക്കുറിച്ചി ഇവിടെ വിശദീകരിക്കുന്നത്. പരമ്പരാഗത ശീലങ്ങളെക്കാൾ കുഞ്ഞിൻ്റെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൺമഷി ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: സൺസ്‌ക്രീൻ ഉപയോഗിച്ചാൽ വിറ്റാമിൻ ഡി കുറയുമോ? ഡോക്ടർ പറയുന്നു

നവജാത ശിശുക്കളുടെ കണ്ണുനീർ ഗ്രന്ഥികൾ പൂർണ്ണമായും വികസിച്ചിട്ടുണ്ടാകില്ല. കണ്ണിൻ്റെ ഉള്ളിൽ കൺമഷി എഴുതുന്നത് ഈ ചെറിയ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകും. ഇത് കണ്ണ് ചുവക്കാനും, പഴുപ്പ് വരാനും, ഭാവിയിൽ ശസ്ത്രക്രിയ വരെ വേണ്ടിവരുന്ന രീതിയിലുള്ള തടസ്സങ്ങൾക്കും വഴിതെളിക്കും. കൂടാതെ വിപണിയിൽ കിട്ടുന്ന പല കൺമഷികളിലും ഉയർന്ന അളവിൽ ലെഡ് അഥവ ഈയം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെട്ട് കുഞ്ഞിൻ്റെ രക്തത്തിൽ കലരുന്നു. ലെഡ് ശരീരത്തിലെത്തിയാൽ അത് കുട്ടികളുടെ തലച്ചോറിൻ്റെ വളർച്ചയെയും ബുദ്ധിശക്തിയെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അതുപോലെ തന്നെ മിക്ക ആളുകളും വിരലുകൾ ഉപയോഗിച്ചാണ് കുഞ്ഞിൻ്റെ കണ്ണെഴുതുന്നത്. കൈകൾ വൃത്തിയാക്കിയാൽ പോലും നഖങ്ങൾക്കിടയിലുള്ള ബാക്ടീരിയകൾ കുഞ്ഞിൻ്റെ കണ്ണുകളിൽ മുറിവോ അണുബാധയോ ഉണ്ടാക്കിയേക്കാം. മുതിർന്നവരേക്കാൾ പത്തിരട്ടി വേഗത്തിൽ കുഞ്ഞുങ്ങളിൽ അണുബാധ പടരുമെന്ന കാര്യമാണ് നമ്മൾ ആദ്യം ഓർക്കേണ്ടത്. കൺമഷി പുരട്ടിയ ശേഷം കുട്ടികളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ പലരും ശ്രദ്ധിക്കാതെ പോകാറുണ്ട്.

കണ്ണ് തിരുമ്മിക്കൊണ്ടിരിക്കുക, കണ്ണിൽ നിന്ന് അമിതമായി വെള്ളം വരിക, കണ്ണ് ചുവന്ന നിറത്തിലാവുക, കൺപോളകളിൽ വീക്കം ഉണ്ടാവുക തുടങ്ങിയവ കൺമഷി ഉപയോ​ഗിക്കരുത് എന്നതിൻ്റെ ലക്ഷണങ്ങളാണ്. സൗന്ദര്യത്തിനോ വിശ്വാസത്തിനോ വേണ്ടിയാണെങ്കിൽ, കണ്ണിനുള്ളിൽ എഴുതുന്നതിന് പകരം കവിളിലോ നെറ്റിയിലോ ചെവിയുടെ പിന്നിലോ ഒരു ചെറിയ പൊട്ട് തൊടാവുന്നതാണ്. പ്രത്യേകിച്ച് ഒരു വയസിന് താഴെയുള്ള കുട്ടികളിൽ ഇത്തരം ഉപയോ​ഗങ്ങൾ പാടെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അഴകിനേക്കാൾ പ്രധാനം അവരുടെ കാഴ്ചയും ആരോഗ്യവുമാണെന്നത് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം.

 

Follow Us