Kozhikode Firecracker Accident: യൂട്യൂബ് പരീക്ഷണം പാളി; സ്റ്റീൽ പാത്രത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പതിനാറുകാരന് ദാരുണാന്ത്യം
Kozhikode Firecracker Accident Vishu Celebrations: കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ എ കെ അദ്വൈത് ആണ് മരിച്ചത്. യൂട്യൂബിലെ വീഡിയോയിൽ കണ്ടതുപോലെ കൂടുതൽ ശബ്ദം കിട്ടുന്നതിനായി ഗുണ്ട് പടക്കം സ്റ്റീൽ പാത്രം കൊണ്ടു മറച്ച് പൊട്ടിക്കുന്നതിനിടെ പാത്രം തകർന്ന് സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചാണ് അദ്വൈതിന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു.
കോഴിക്കോട്: വിഷുദിനത്തിൽ ക്ഷേത്രപറമ്പിൽ കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം നടന്നത്. സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റാണ് പതിനാറുകാരൻ മരിച്ചത്.
കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ എ കെ അദ്വൈത് ആണ് മരിച്ചത്. യൂട്യൂബിലെ വീഡിയോയിൽ കണ്ടതുപോലെ കൂടുതൽ ശബ്ദം കിട്ടുന്നതിനായി ഗുണ്ട് പടക്കം സ്റ്റീൽ പാത്രം കൊണ്ടു മറച്ച് പൊട്ടിക്കുന്നതിനിടെ പാത്രം തകർന്ന് സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചാണ് അദ്വൈതിന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു.
ALSO READ: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ
ഈ കുട്ടിക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പിൽ അപകടം നടന്നത്. മറ്റു സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റീൽ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയിൽ തറച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നുപോയതിനാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.