Lipstick scare: ലിപ്സ്റ്റിക് ഉപയോഗം കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമോ? ഓൺലൈൻ പ്രചരണങ്ങളിലെ നെല്ലും പതിരും
Linking Lipstick to Cancer and Kidney Disease: ചില ലിപ്സ്റ്റിക്കുകളിൽ വൃക്കരോഗങ്ങൾക്കും വയറ്റിലെ കാൻസറിനും കാരണമായേക്കാവുന്ന കാഡ്മിയം അടങ്ങിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ലിപസ്റ്റിക് ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല ഇപ്പോൾ. ഇഷ്ടമുള്ള ഷെയ്ഡുകൾ വാങ്ങാനും അതിലേറെ ഇഷ്ടത്തോടെ ഉപയോഗിക്കാനും താൽപര്യമില്ലാത്തവരായി ആരും കാണില്ല. എന്നാൽ ഈ അടുത്ത കാലത്തായി ലിപസ്റ്റിക്കിനെതിരേ വൻ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. ചില ലിപ്സ്റ്റിക്കുകളിൽ വൃക്കരോഗങ്ങൾക്കും വയറ്റിലെ കാൻസറിനും കാരണമായേക്കാവുന്ന കാഡ്മിയം അടങ്ങിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഈ ആശങ്കകളിൽ സത്യമുണ്ടോ?
വിദഗ്ധരുടെ അഭിപ്രായത്തിൽ, ജാഗ്രത നല്ലതാണെങ്കിലും പരിഭ്രാന്തി ആവശ്യമില്ല. ലൈസൻസുള്ള ലിപ്സ്റ്റിക്കുകളിൽ കാഡ്മിയത്തിന്റെ അംശം കണ്ടേക്കാമെങ്കിലും, അത് ദോഷകരമാകാത്തവിധം വളരെ ചെറിയ അളവിൽ മാത്രമാണെന്ന് ഡെർമറ്റോളജിസ്റ്റുകളും ഓങ്കോളജിസ്റ്റുകളും സമ്മതിക്കുന്നു. ഇവയുടെ നിയന്ത്രിതമായ ഉപയോഗം വൃക്കരോഗങ്ങൾക്കോ വയറ്റിലെ കാൻസറിനോ കാരണമാകാൻ സാധ്യതയില്ല. വ്യാജ ഉൽപ്പന്നങ്ങളാണ് പ്രശ്നം. ഒപ്പം അലർജി ഉള്ളവരും സൂക്ഷിക്കണം. വിശ്വസ്ത ബ്രാൻഡുകൾ മാത്രം വാങ്ങുക, രാത്രി ഉറങ്ങുന്നതിനു മുൻപ് ലിപ്സ്റ്റിക് നീക്കം ചെയ്യുക, പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നിവയാണ് ചെയ്യേണ്ടത് എന്ന് വിദഗ്ധർ പറയുന്നു.
ഓങ്കോളജി വിദഗ്ദ്ധൻ ഡോ. ചിന്നാബാബു സുങ്കവല്ലിയുടെ അഭിപ്രായത്തിൽ, കാഡ്മിയം കാൻസറിന് കാരണമാകുമെങ്കിലും, ഗുണമേന്മയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിലെ ഇതിന്റെ അളവ് ശരീരത്തിന് ദോഷകരമായ അളവിനേക്കാൾ വളരെ താഴെയാണ്. പുകവലി, അമിതവണ്ണം, മോശം ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളാണ് കാൻസറിന് കാരണമാവുക എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also read – മുപ്പത് കഴിഞ്ഞോ? എല്ലിന്റെ ബലം കൂട്ടാൻ ഇതൊന്ന് ചെയ്താൽ മതി
ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ എത്തുന്നതിനു മുൻപ് സുരക്ഷാ പരിശോധനകൾ നിർബന്ധമാണ്. വ്യാജ ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുകയും ചെയ്യുക എന്നതാണ് ഉപഭോക്താക്കൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പ്രതിരോധം.
ലിപ്സ്റ്റിക് സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ
- വിശ്വസ്ത ബ്രാൻഡുകളിൽ നിന്നോ അംഗീകൃത റീട്ടെയിലർമാരിൽ നിന്നോ മാത്രം വാങ്ങുക.
- ലേബലിലെ കാലാവധിയും, നിർമ്മാതാവിന്റെ വിവരങ്ങളും പരിശോധിക്കുക.
- സംശയാസ്പദമായ വില കുറവുകളോ വാഗ്ദാനങ്ങളോ ഒഴിവാക്കുക.