എന്താണ് പ്രസവാനന്തര വിഷാദം? ലക്ഷണങ്ങൾ എന്തെല്ലാം? അറിഞ്ഞിരിക്കേണ്ടത്..
അപര്യാപ്തമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് കുറയൽ എന്നിവയും പ്രസവാനന്തര വിഷാദത്തിന് പ്രധാന കാരണങ്ങളാണ്.
ഒരു കുഞ്ഞ് ജനിച്ചതിനുശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് പ്രസവാനന്തര വിഷാദം. വാസ്തവത്തിൽ, ഒരു കുട്ടിയുടെ ജനനത്തിനു ശേഷം, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതുമൂലം അവരിൽ വിഷാദവും കഠിനമായ സങ്കടമോ ഉണ്ടാകുന്നു. ഇന്നത്തെ കാലത്ത്, പ്രസവാനന്തര വിഷാദ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രസവശേഷമുണ്ടാകുന്ന ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു സ്ത്രീയുടെ ചിന്തിക്കാനും അനുഭവിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു. ഗർഭധാരണത്തിനു ശേഷം, സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണുകളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഇതുമൂലം അവർ പ്രസവാനന്തര വിഷാദത്തിന് ഇരയാകുന്നു. അപര്യാപ്തമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് കുറയൽ എന്നിവയും പ്രസവാനന്തര വിഷാദത്തിന് പ്രധാന കാരണങ്ങളാണ്.
പ്രസവാനന്തര വിഷാദത്തിൻ്റെ ലക്ഷണങ്ങൾ:
1. അമിത കോപവും മോശം മാനസികാവസ്ഥയും.
2. ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.
3. ശരീരത്തില് നിരന്തരമായ വേദനയും എപ്പോഴും ക്ഷീണവും അനുഭവപ്പെടുന്നു.
4. ചിലരിൽ അമിതമായ വിശപ്പ് അനുഭവപ്പെടുന്നു. എന്നാൽ മറ്റ് ചിലരിൽ വിശപ്പ് വളരെ കുറവായും അനുഭവപ്പെടുന്നു.
5. ഗർഭധാരണത്തിനു ശേഷവും തുടർച്ചയായി ശരീരഭാരം കൂടുകയും ശരീരത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുക.
6. അനാവശ്യമായി സങ്കടം വരികയും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകലം പാലിക്കാനും തോന്നുക.
7. ചിലർ കുട്ടിയെ പരിപാലിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല.
പ്രസവാനന്തര വിഷാദം എങ്ങനെ തടയാം:
1. പ്രസവാനന്തര വിഷാദാവസ്ഥയിൽ, ദിവസവും 10 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഇതിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ കഠിന വ്യായാമം ചെയ്യരുത്. നടക്കുന്നതും നല്ലതാണ്.
2. പ്രസവശേഷം പോഷകാഹാരം കഴിക്കുക. കാരണം ആരോഗ്യകരമായ ഭക്ഷണം പ്രസവാനന്തര വിഷാദം ഇല്ലാതാക്കാൻ സഹായിക്കുന്നു.
3. കുട്ടിയെ പരിപാലിക്കുന്നതിനൊപ്പം തന്നെ നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ മാനസികാവസ്ഥയിൽ നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കും.
4. പ്രസവശേഷം സ്ത്രീകൾക്ക് പലപ്പോഴും വേണ്ടത്ര ഉറക്കം ലഭിക്കാറില്ല. ഇത് പ്രസവാനന്തര വിഷാദത്തിന് മറ്റൊരു പ്രധാന കാരണമാണ്. അതിനാൽ, കുട്ടി ഉറങ്ങുമ്പോൾ, നിങ്ങളും ഉറങ്ങാൻ ശ്രമിക്കുക.
5. പ്രസവാനന്തര വിഷാദത്തിനും ഏകാന്തത ഒരു പ്രധാന കാരണമാണ്. അതിനാൽ, പ്രസവശേഷം കഴിവതും കുടുംബത്തോടൊപ്പം ചിലവഴിക്കുക.