Uric acid issues: കൊളസ്ട്രോൾ ഇല്ലെങ്കിലും ഹൃദയം പണിമുടക്കാം, യൂറിക് ആസിഡും വില്ലനാണ്
Uric acid play a significant role in heart health: കൊളസ്ട്രോൾ സാധാരണ നിലയിലുള്ളവരിൽ പോലും യൂറിക്ആസിഡ് കാരണം ഈ പ്രശ്നം ഉണ്ടായേക്കാം എന്നാണ് പ്രധാന കണ്ടെത്തൽ.

Heart Attack
കൊച്ചി: വർഷങ്ങളായി നാം യൂറിക് ആസിഡ് എന്ന പേര് കേട്ടിരുന്നത് സന്ധിവാതവുമായി ബന്ധപ്പെട്ടാണ്. എന്നാൽ ഇപ്പോൾ അതിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. മുൻപ് ലാബ് റിപ്പോർട്ടുകളിലെ ഒരു സാധാരണ കണക്ക് മാത്രമായിരുന്നു യൂറിക് ആസിഡ് ലെവൽ. എന്നാൽ ഇന്നത് സങ്കീർണമായ രാസപ്രവർത്തനങ്ങളിൽ ഒരു നിശബ്ദ വില്ലനായി പ്രത്യക്ഷപ്പെടുന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശരീരത്തിലെ പ്യൂരിൻ മെറ്റബോളിസത്തിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് യൂറിക് ആസിഡ്. അതിന്റെ അളവ് കൂടുമ്പോൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന രാസവസ്തുവായി ഇത് മാറുന്നു. ഇത് രക്തക്കുഴലുകളിൽ ഓക്സിഡറ്റീവ് സ്ട്രെസ്സിന് കാരണമാവുകയും ധമനികളുടെ ഉൾഭാഗത്ത് കേടുപാടുകൾ വരുത്തുകയും ചെയ്യും. ഇത് ഹൃദയ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ഉയർന്ന യൂറിക്ആസിഡ് ഉള്ള ആളുകൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു.
കൊളസ്ട്രോൾ സാധാരണ നിലയിലുള്ളവരിൽ പോലും യൂറിക്ആസിഡ് കാരണം ഈ പ്രശ്നം ഉണ്ടായേക്കാം എന്നാണ് പ്രധാന കണ്ടെത്തൽ. യൂറിക് ആസിഡ് രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്ന മൈക്രോ വാസ്കുലാർ ഡിസീസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഇത് സാധാരണ സ്കാനുകളിൽ കണ്ടെത്താൻ കഴിഞ്ഞേക്കില്ല. പക്ഷേ ഹൃദയത്തിലേക്ക് ഓക്സിജൻ തടസ്സപ്പെടുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യും.
Also read – പഞ്ചസാരയേക്കാൾ നല്ലതാണോ ശർക്കര ? വിദഗ്ധർ പറയുന്നത് കേൾക്കാം
അപ്പോൾ മാത്രമാകും ഈ വില്ലനെ തിരിച്ചറിയുക. ഇതിനുപുറമേ മെറ്റാബോളിക് സിൻഡ്രം എന്ന അവസ്ഥയുടെ പ്രധാന ഘടകങ്ങളായ രക്തത്തിലെ പഞ്ചസാര, വയറിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണ കൊളസ്ട്രോൾ, എന്നിവയുമായും യൂറിക് ആസിഡിന് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. യൂറിക്കാസിഡ് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകാമെന്നും കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഡോ. റിച്ചാർഡ് ജോൺസൺ അഭിപ്രായപ്പെടുന്നു. കക്കയിറച്ചി, റെഡ് മീറ്റ്, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവയ്ക്ക് പുറമേ അമിതമായ ഡയറ്റിംഗ്, ഉറക്കമില്ലായ്മ എന്നിവയും യൂറിക് ആസിഡ് വർദ്ധിപ്പിക്കാൻ കാരണമായേക്കാം.
ഇത് നിയന്ത്രിക്കാനുള്ള മരുന്നുകൾക്കൊപ്പം ജീവിതശൈലിലെ മാറ്റങ്ങളും ആവശ്യമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. രാവിലെ വെള്ളം കുടിക്കുന്നതും ഭക്ഷണത്തിനുശേഷം നടക്കുന്നതും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നതും എല്ലാം യൂറിക് ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും.