Scrub Typhus Symptoms: ചെള്ളുപനി അത്ര നിസാരക്കാരനല്ല, ഭയക്കണം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കേണ്ട
Scrub Typhus Symptoms and Causes: പ്രാണി കടിച്ച ഭാഗത്ത് ആദ്യം ചുവന്ന തടിപ്പ് ഉണ്ടാകും പിന്നീട് അത് കറുത്ത നിറത്തിലുള്ള വ്രണമായി മാറും. കക്ഷം, കാലിന്റെ മടക്കുകള്‍, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പാടുകള്‍ കാണാറ്.
സംസ്ഥാനത്ത് ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെള്ളുപനി എന്താണ് എങ്ങനെയാണ് രോഗം വരുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകാം. ചെള്ളുപനിയെ വിശദമായി തന്നെ പരിശോധിക്കാം.
എന്താണ് ചെള്ളുപനി
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനി ഉണ്ടാക്കുന്നത്. എലി, അണ്ണാന്‍, മുയല്‍ എന്നിങ്ങനെ കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണു കാണപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഈ രോഗം ഉണ്ടാകില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴി ഈ രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തും.
Also Read: Scrub Typhus: നിപയല്ല; ചികിത്സയിലുള്ള പതിനാലുകാരന് സ്ഥിരീകരിച്ചത് ചെള്ളുപനി
ലക്ഷണങ്ങള്‍
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 പത്ത് ദിവസം മുതല്‍ 12 ദിവസം വരെ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പ്രാണി കടിച്ച ഭാഗത്ത് ആദ്യം ചുവന്ന തടിപ്പ് ഉണ്ടാകും പിന്നീട് അത് കറുത്ത നിറത്തിലുള്ള വ്രണമായി മാറും. കക്ഷം, കാലിന്റെ മടക്കുകള്‍, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പാടുകള്‍ കാണാറ്.
- വിറയലോടുകൂടിയ പനി
- തലവേദന
- കണ്ണ് ചുവക്കല്‍
- കഴലവീക്കം
- പേശീവേദന
- വരണ്ട ചുമ
എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണമായ അവസ്ഥയും ഉണ്ടാകാറുണ്ട്.
രോഗനിര്‍ണയം
ഈ രോഗത്തിന് എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം ഏറെ പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമേയുള്ള എസ്‌കാര്‍, രക്ത പരിശോധനാഫലം എന്നിവയുടെ സഹായത്തോടെയാണ് രോഗം കണ്ടെത്തുക. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയാണെന്ന് സംശയിക്കാം.
Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
പ്രതിരോധ മാര്‍ഗങ്ങള്‍
- ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കുക.
- പുല്ലില്‍ കളിക്കുമ്പോളും ജോലി ചെയ്യുമ്പോഴും ശരീരം പൂര്‍ണമായും മൂടുന്നതരത്തിലുള്ള വസ്ത്രം ധരിക്കുക.
- പുല്‍നാമ്പുകളില്‍ നിന്നാണ് കാലിലേക് ചിഗ്ഗര്‍ മൈറ്റുകള്‍ കയറുക. അതിനാല്‍ ശരീരം നന്നായി മറയുന്ന വസ്ത്രമായിരിക്കണം ധരിക്കേണ്ടത്.
- എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കുക.
- ആഹാരാവശിഷ്ടങ്ങള്‍ അശ്രദ്ധമായി വലിച്ചെറിയാതിരിക്കുക.
- സസ്യങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പോയി വന്നാലുടന്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി കഴുകുക.
- വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഉപേക്ഷിക്കുക.
- രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൈയുറയും കാലുറയും ധരിച്ചുകൊണ്ട് ജോലിയില്‍ ഏര്‍പ്പെടുക.