KSRTC New Buses: ഓണത്തിന് കളറാകാൻ കെഎസ്ആർടിസി; പുത്തൻ ബസുകൾ എത്തി, ഇനി യാത്ര ക്ലാസാകും
KSRTC New Sleeper Bus: പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ലെതർ സീറ്റുകളാണ് ബസിൻ്റെ ക്ലാസ് മാറ്റുന്നത്. ഓരോ സീറ്റിലും യാത്രകാർക്കായി ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആംബിയൻ ലൈറ്റിങ്ങും ബസിനെ അടിമുടി മാറ്റിയിരിക്കുന്നു.

Ksrtc New Bus
ഓണം കളറാക്കാൻ പുത്തൻ ലുക്കിൽ പുതുപുത്തൻ ബസുമായി കെഎസ്ആർടിസി. ഇനി കെഎസ്‌ആർടിസി യാത്ര ക്ലാസാകും. ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാൽപ്പതോളം ബസുകളാണ് ഓണത്തിനുമുമ്പായി നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്‌ളാഗ്‌ഓഫ് ചെയ്യും. 2019 നുശേഷം ഇതാദ്യമായാണ് കെഎസ്‌ആർടിസിക്ക് ഫാസ്‌റ്റ്, സൂപ്പർഫാസ്‌റ്റ്, ലിങ്ക് ബസുകൾ ലഭിക്കുന്നത്.
തുടർവർഷങ്ങളിലും ബസുകൾ നിരത്തിലിറങ്ങിയെങ്കിലും അവ കെഎസ്‌ആർടിസി സ്വിഫ്‌റ്റുകളാണ്. ഇത്തവണ സ്വിഫ്‌റ്റിലും ബസുകൾ ഇറങ്ങുന്നുണ്ട്. എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ എന്നീ മൂന്നുവിഭാഗത്തിലാണ് ബസുകൾ സർവീസ് നടത്തുക. ദേശീയപതാകയുടെ കളർ തീമിൽ ഒരുക്കിയ ബോഡിയാണ് ബസിൻ്റെ ഏറ്റവും വലിയ ആകർഷണം. അതിൽ കേരളത്തിൻ്റെ തനത് കലയായ കഥകളിയുടെ ചിത്രം ആലേഖനം ചെയ്താണ് ചെയ്താണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ.
പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ലെതർ സീറ്റുകളാണ് ബസിൻ്റെ ക്ലാസ് മാറ്റുന്നത്. ഓരോ സീറ്റിലും യാത്രകാർക്കായി ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആംബിയൻ ലൈറ്റിങ്ങും ബസിനെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം സ്ലീപ്പർ ബസിലെ ബെർത്തിൽ എസി വെന്റുകൾ, റീഡിങ് ലൈറ്റുകൾ, മൊബൈൽ ഹോൾഡർ, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോൾഡർ, ലഗേജ് സ്‌പേസ് തുടങ്ങി ആധുനിക സൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസിനും വ്യത്യസ്‌ത നിറമാണ് നൽകിയിരിക്കുന്നത്. ഫാസ്‌റ്റ്, സൂപ്പർഫാസ്‌റ്റുകളിൽ 50 സീറ്റുകളാണ് ഉണ്ടായിരിക്കുക. മൊബൈൽ ചാർജിങ് പോയിന്റുകൾ, വൈഫൈ കണക്‌റ്റ് ചെയ്യാവുന്ന ടിവി, പുറത്തും അകത്തുമായി അഞ്ച് കാമറകൾ തുടങ്ങി ഇതുവരെ കാണാത്ത വേറിട്ട നിരവധി ക്രമീകരണങ്ങളാണ് ഇവയിലുള്ളത്. അതിനാൽ ഇനി ഫ്ലൈറ്റ് യാത്ര പോലെ സുഖകരമായി കെഎസ്ആർടിസി ബസിലും യാതിര ചെയ്യാം.
ഓണത്തിന് ദൂര യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും മറ്റ് യാത്രകൾ പോകുന്നവർക്കും ഏറെ സഹായകരമാകുമിത്. എന്നാൽ ഇവയുടെ റൂട്ടുകളോ നിരക്കുകളോ സംബന്ധിക്കുന്ന യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ആധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആർടിസി ബസുകളുടെ മെഗാ ലോഞ്ചിങ്ങും മോട്ടോ എക്സ്പോയും ഓഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും.