Aranmula Vallasadya 2026: മഴ മാറി, വെള്ളകെട്ടും ഒഴിഞ്ഞു; ഇനി ആറന്മുള വള്ളസദ്യ കഴിക്കാൻ പോകാം; അറിയേണ്ടതെല്ലാം!
Aranmula Vallasadya Resumes: പ്രളയ സമാനമായ സാഹചര്യത്തെ തുടർന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ മാത്രമായി ഒതുക്കിയത്. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് തിരിച്ചെത്തുകയും വള്ളസദ്യ ചടങ്ങുകൾ പുനരാരംഭിക്കുകയും ചെയ്തത്. വ്യാഴാഴ്ച ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെ നേതൃത്വത്തിൽ സ്വീകരിച്ചകൊണ്ടാണ് വീണ്ടും ആചാരങ്ങൾക്ക് തുടക്കമായത്.

Aranmula Vallasadya
കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി നിലനിന്ന ശക്തമായ മഴയെത്തുടർന്ന് പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതുമൂലം നിർത്തിവെച്ചിരുന്ന ആറന്മുള വള്ളസദ്യ (Aranmula Vallasadya) വ്യാഴാഴ്ച മുതൽ വീണ്ടും ആരംഭിച്ചു. പ്രളയ സമാനമായ സാഹചര്യത്തെ തുടർന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ മാത്രമായി ഒതുക്കിയത്. പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് തിരിച്ചെത്തുകയും വള്ളസദ്യ ചടങ്ങുകൾ പുനരാരംഭിക്കുകയും ചെയ്തത്. വ്യാഴാഴ്ച ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെ നേതൃത്വത്തിൽ സ്വീകരിച്ചകൊണ്ടാണ് വീണ്ടും ആചാരങ്ങൾക്ക് തുടക്കമായത്. അന്നേ ദിവസം തെക്കേമുറി കിഴക്ക്, മാരാമൺ പള്ളിയോടങ്ങൾക്കായിരുന്നു വള്ളസദ്യ സംഘടിപ്പിച്ചത്.
ശക്തമായ മഴയും പ്രളയത്തെയും തുടർന്ന് മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ഓഗസ്റ്റ് 12, 25, 29 തീയതികളിൽ നടത്തുമെന്നും ക്ഷേത്ര സംഘാടകർ അറിയിച്ചു. മഴ കുറഞ്ഞതോടെ ആറന്മുളയിലെ പാരമ്പര്യ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും വീണ്ടും സജീവമാകുന്നതോടെ ഭക്തരും സന്ദർശകരും വലിയ തോതിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലൂടെ 250 പേരടങ്ങുന്ന സംഘം ആറന്മുളയിലെത്തി വള്ളസദ്യയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്പെഷ്യൽ പാസ് എടുത്തെത്തിയവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ ഒരുക്കിയത്.
ALSO READ: ആറന്മുള വള്ളസദ്യ മാറ്റിവച്ചു; ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നവർ അറിയേണ്ടത്
സ്പെഷ്യൽ പാസ് വഴി എത്തുന്ന ഭക്തർക്കുള്ള വള്ളസദ്യ ഇന്നു മുതൽ (വെള്ളിയാഴ്ച) തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ നടത്തുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചിരുന്നു. ഇന്ന് തെക്കേമുറി കിഴക്ക്, മേലുകര പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ നിശ്ചയിച്ചിരിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതും ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയതുമാണ് ചടങ്ങുകൾ മാറ്റിവെക്കാൻ കാരണമായത്. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറിയതും ഗതാഗതം തടസ്സത്തിന് കാരണമായിരുന്നു.
ആറന്മുള വള്ളസദ്യ
നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആറന്മുളയുടെ ഈ പരമ്പരാഗത ആചാരം കാണാനും വഴിപാട് സമർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പമ്പാനദിയോടെ ചേർന്നുള്ള ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ വിഭവസമൃദ്ധി തന്നെയാണ്. സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി, കേരളീയ തനിമയിൽ വാഴയിലയിൽ വിളമ്പുന്ന 70-ലധികം പരമ്പരാഗത വിഭവങ്ങളാണ് വള്ളസദ്യയിലെ പ്രധാന ആകർഷണം.
ക്ഷേത്രത്തിലെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരെ ഭഗവാന്റെ പ്രജകളെന്നാണ് അറിയപ്പെടുന്നത്. ഇവർ വള്ളപ്പാട്ട് പാടി ആവശ്യപ്രകാരം വേണ്ട വിഭവങ്ങൾ വിളമ്പുന്നതാണ് ഇവിടുത്തെ രീതി. വഴുതനങ്ങ മെഴുക്കുപുരട്ടി, പാളതൈര്, അമ്പലപ്പുഴ പാൽപ്പായസം, ഉണ്ണിയപ്പം തുടങ്ങി സാധാരണ സദ്യകളിൽ കാണാത്ത ഒട്ടനവധി പ്രത്യേക വിഭവങ്ങൾ ഇതിലുണ്ടാകും. ഈ സീസണിൽ ഏകദേശം 380 വള്ളസദ്യകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്.
ഉത്സവ സീസണിലെ രണ്ട് പ്രധാന പരിപാടികളായ ഉതൃട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും യഥാക്രമം ഓഗസ്റ്റ് 30 നും സെപ്റ്റംബർ നാലിനും നടക്കും. ഈ വർഷം, ആറന്മുളയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ 56 ദിവസത്തേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പരിപാടിയുടെ ഭാഗമായി സന്ദർശകർക്ക് വള്ളസദ്യ വിരുന്നൊരുക്കുന്നുണ്ട്. വള്ളസദ്യ ബുക്കിംഗിനായി, 8281113010 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
English Summary:
Famous Aranmula Vallasadya at the historic Sree Parthasarathy Temple in Pathanamthitta resumes after a temporary suspension due to heavy rain and flooding. The ritual feast was put on hold following the rise in the water level of the River Pampa.