AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Paithalmala Travel: പൈതൽമലയിലേക്ക് ഇപ്പോൾ പോകേണ്ട; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്, കാരണം ഇത്

Paithalmala Travel Banned: മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് അധികൃതരുടെ ഈ അടിയന്തര നടപടി. സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൈതൽമലയിലേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചെറുപുഴ റവന്യൂ വകുപ്പിലെ ജീവനക്കാരിയായ അഞ്ജുവാണ് കഴിഞ്ഞ ദിവസം പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ വെച്ച് ഇടിമിന്നലേറ്റ് മരണപ്പെട്ടത്.

Paithalmala Travel: പൈതൽമലയിലേക്ക് ഇപ്പോൾ പോകേണ്ട; സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക്, കാരണം ഇത്
PaithalmalaImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 25 Jun 2026 | 01:49 PM

കണ്ണൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക പ്രവേശന വിലക്ക്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിലാണ് അധികൃതരുടെ ഈ അടിയന്തര നടപടി. സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൈതൽമലയിലേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചെറുപുഴ റവന്യൂ വകുപ്പിലെ ജീവനക്കാരിയായ അഞ്ജുവാണ് കഴിഞ്ഞ ദിവസം പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ വെച്ച് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് സോനു, വനംവകുപ്പ് വാച്ചർ എന്നിവർക്കും ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൈതൽമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ ഇടിമിന്നലും തുടരുകയാണ്. മലമുകളിൽ ട്രെക്കിംഗിന് പോകുന്ന സഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് പൈതൽമല ടൂറിസം താൽക്കാലികമായി പൂർണ്ണമായും നിർത്തിവെക്കാൻ വനംവകുപ്പും റവന്യൂ അധികൃതരും തീരുമാനിച്ചത്. പൈതൽമല ട്രെക്കിംഗ്, വ്യൂ പോയിൻ്റ് സന്ദർശനം എന്നിവയാണ് പൂർണ്ണമായും തടഞ്ഞിരിക്കുന്നത്.

ALSO READ: മലരിക്കൽ പാടങ്ങളിൽ ആമ്പൽ വസന്തം; കൂടുതൽ കാണാൻ പോകേണ്ടത് എങ്ങോട്ടേക്ക്?

പ്രദേശത്തെ കനത്ത മഴ മാറി കാലാവസ്ഥ പൂർണ്ണമായും മെച്ചപ്പെടുന്നത് വരെ ഈ നിയന്ത്രണം തുടരാനാണ് സാധ്യത. ദൂരദേശങ്ങളിൽ നിന്നും പൈതൽമലയിലേക്ക് യാത്ര തിരിക്കാൻ പ്ലാൻ ചെയ്യുന്നവർ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രകൾ ഒഴിവാക്കുക. മലയോര മേഖലകളിലെ കനത്ത മഴയും മിന്നൽ സാധ്യതയും കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

പൈതൽമലയെ കുറിച്ച് കൂടുതലറിയാം

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളുടെ മനംമയക്കുന്നന ഹിൽ സ്റ്റേഷനാണ് പൈതൽമല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ട്രെക്കിംഗ് പ്രേമികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രധാന താവളമാണ്. പൈതൽമലയുടെ മുകളിലെത്തിയാൽ വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകൾ കാണാം. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മനോഹരമായ ഒരു ദൃശ്യാനുഭവമാണ് ഇത് സമ്മാനിക്കുന്നത്. മലമുകളിൽ വനംവകുപ്പ് നിർമ്മിച്ച ഒരു വാച്ച് ടവറുണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ ഇതിൽ കയറി നോക്കിയാൽ കുടകിലെ മലനിരകളും കണ്ണൂരിലെ മലയോര ഗ്രാമങ്ങളും വ്യക്തമായി കാണാൻ സാധിക്കും.

കനത്ത വേനലിലും ഇവിടെ നല്ല തണുത്ത കാറ്റും മഞ്ഞും അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ‘കണ്ണൂരിന്റെ ഊട്ടി’ എന്നും വിനോദ സഞ്ചാരികൾക്കിടയിൽ പൈതൽമല അറിയപ്പെടുന്നു. പൈതൽമലയുടെ ബേസ് ക്യാമ്പായ പൊട്ടൻപ്ലാവ് വരെ വാഹനങ്ങൾ ചെല്ലും. അവിടെ നിന്ന് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ കടന്ന് ഏകദേശം 2 മുതൽ 3 കിലോമീറ്റർ വരെ കാട്ടിലൂടെയും പുൽമേടുകളിലൂടെയും നടന്നു വേണം മലമുകളിൽ എത്താൻ. ഈ ട്രെക്കിംഗ് വളരെ എളുപ്പമുള്ളതായതുകൊണ്ട് തുടക്കക്കാർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാം.

കണ്ണൂർ നഗരത്തിൽ നിന്നും ഏകദേശം 65 കിലോമീറ്ററും, തളിപ്പറമ്പിൽ നിന്ന് 35 കിലോമീറ്ററും സഞ്ചരിച്ചാൽ പൈതൽമലയിൽ എത്താം. കുടിയാൻമല, നടുവിൽ എന്നിവയാണ് അടുത്തുള്ള പ്രധാന ടൗണുകൾ. ട്രെക്കിം​ഗിനിടയിൽ മനോഹരമായ വെള്ളച്ചാട്ടങ്ങളും, അയൽ സംസ്ഥാനമായ കർണാടകയുടെ അതിശയകരമായ വിദൂര ദൃശ്യങ്ങളും സഞ്ചാരികൾക്കായി കാഴ്ചയുടെ വിസ്മയമൊരുക്കും.

English Summary:

The authorities have temporarily banned entry to Kannur’s Paithalmala, a prominent tourist destination in the district’s high ranges, following a devastating lightning strike. A woman named Anju died a few days ago in Manjapullu here after being struck by lightning.

Follow Us