Vande Bharat In South India: യാത്ര സൗത്ത് ഇന്ത്യയിലേക്കാണോ; നിങ്ങൾക്കിതാ വന്ദേഭാരതുണ്ടല്ലോ! സമയവും റൂട്ടും അറിയാം
Vande Bharat Train Routes In South India: ഇന്ത്യയിലുടനീളം 40-ലധികം വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അത്തരത്തിൽ തെക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചില വന്ദേഭാരത് ട്രെയിനുകളും അവയുടെ റൂട്ടുകളും ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
ഒരു യാത്ര പുറപ്പെടുന്നതിന് മുമ്പ് ചില മുന്നൊരുക്കങ്ങൾ വളരെ പ്രധാനമാണ്. പ്രത്യേകിച്ച് നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ. നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ദക്ഷിണേന്ത്യയിലേക്കാണെങ്കിൽ അവിടേക്കുള്ള യാത്ര സുഗമമാക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്. ദൂരയാത്രയ്ക്ക് എപ്പോഴും ട്രെയിനാണ് പലരും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യൻ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ ഇവ സഹായിക്കും. ഇന്ത്യയിലുടനീളം 40-ലധികം വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അത്തരത്തിൽ തെക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചില വന്ദേഭാരത് ട്രെയിനുകളും അവയുടെ റൂട്ടുകളും ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം മുതൽ കാസർകോട് വരെ (20634)
588 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ വന്ദേഭാരത് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ റൂട്ടിലൂടെയാണ് കടന്നുപോകുന്നത്. 10 സ്റ്റേഷനുകളിലാണ് ഇവയ്ക്ക് സ്റ്റോപ്പുള്ളത്. ഏകദേശം 8 മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിച്ചേരാം. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഇത് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4:05 ന് പുറപ്പെട്ട്, രാത്രി 11:46 ന് കാസർകോട്ടെത്തും. കാസർകോട് നിന്ന് രാവിലെ 7:00 ന് മടക്ക യാത്ര ആരംഭിക്കും. 1,221 രൂപ മുതൽ 2,981 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് മംഗളൂരു (20632)
എട്ട് മണിക്കൂർ 35 മിനിറ്റിനുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിൽ നിങ്ങൾക്ക് എത്താൻ സാധിക്കും. കൊല്ലം, ആലപ്പി, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയുൾപ്പെടെ ഒമ്പത് സ്റ്റേഷനുകളിലാണ് ഇതിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസുണ്ട്. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4:05 ന് പുറപ്പെട്ട് പുലർച്ചെ 12:40 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരുന്നു. മടക്കയാത്ര രാവിലെ 6:25 ന് ആണ്. 1,590 മുതൽ 2,920 രൂപ വരെയാണ് നിരക്ക്.
തിരുനെൽവേലി മുതൽ ചെന്നൈ വരെ (20666)
ഏഴ് മണിക്കൂർ 50 മിനിറ്റിനുള്ളിൽ 650 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ ട്രെയിൻ വിരുദുനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം, താംബരം എന്നിവയുൾപ്പെടെ എട്ട് സ്റ്റേഷനുകളിൽ നിർത്തിയാണ് പോകുന്നത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന ഈ വന്ദേഭാരത് തിരുനെൽവേലിയിൽ നിന്ന് രാവിലെ 6:00 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50 ന് ചെന്നൈയിൽ എത്തിച്ചേരുന്നു. ടിക്കറ്റ് നിരക്ക് 1,640 രൂപ മുതൽ 3,030 രൂപ വരെയാണ്.
എംജിആർ ചെന്നൈ മുതൽ വിജയവാഡ വരെ (20677)
ആറ് മണിക്കൂർ 40 മിനിറ്റിനുള്ളിൽ 455 കിലോമീറ്റർ ദൂരം താണ്ടി റെനിഗുണ്ട, നെല്ലൂർ, ഓങ്കോൾ, തെനാലി ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയാണ് ഈ വന്ദേഭാരത് കടന്നുപോകുന്നത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസുണ്ട്. ചെന്നൈയിൽ നിന്ന് പുലർച്ചെ 5:30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:10 ന് വിജയവാഡയിൽ എത്തിച്ചേരുന്നു. മടക്ക സർവീസ് ഉച്ചയ്ക്ക് 3:20 നാണ്. 1,122 രൂപ മുതൽ 2,270 രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
സെക്കന്തരാബാദ് മുതൽ ബെംഗളൂരു (20703)
മഹ്ബൂബ് നഗർ, കുർണൂൽ സിറ്റി, അനന്തപൂർ, ധർമ്മവാരം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഈ സർവീസിന് സ്റ്റോപ്പുള്ളത്. വെറും 8 മണിക്കൂർ 15 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസുള്ള ഈ ട്രെയിൻ സെക്കന്തരാബാദിൽ നിന്ന് പുലർച്ചെ 5:45 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:00 ന് ബെംഗളൂരുവിൽ എത്തിച്ചേരും. മടക്കം ഉച്ചയ്ക്ക് 2:45 നാണ്. ടിക്കറ്റ് നിരക്ക് 1,246 രൂപ മുതൽ 3.036 രൂപ വരെയാണ്.