Travel In Kerala: പേരുകളിൽ ‘ഓണം’ ഉള്ള കേരളത്തിലെ ഗ്രാമങ്ങൾ: യാത്ര പോകാനും പറ്റിയ ഇടം
Kerala Places With Onam In Their Names: ചരിത്രപരമായ പ്രാധാന്യം, പുരാണങ്ങളിലുള്ള ബന്ധം, ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ എന്നിവയാൽ പ്രശസ്തമാണ് ഓണാട്ടുകര, തൃക്കാക്കര പോലുള്ള സ്ഥലങ്ങൾ. എന്നാൽ ഇതുകൂടാതെ വേറെയുമുണ്ട് സ്ഥലങ്ങൾ. ഈ ഓണാവധിക്ക് ഓണപേരുള്ള ഗ്രാമ കാഴ്ച്ചകൾ കാണാൻ പോയാലോ.

പ്രതീകാത്മക ചിത്രം
ഓണാട്ടുകര, തൃക്കാക്കര, ഓണംതുരുത്ത്.. എന്നിങ്ങനെ കേരളത്തിൽ ‘ഓണം’ എന്ന പേരുള്ള അത്ര അറിയപ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ട്. ചരിത്രപരമായ പ്രാധാന്യം, പുരാണങ്ങളിലുള്ള ബന്ധം, ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ എന്നിവയാൽ പ്രശസ്തമാണ് ഓണാട്ടുകര, തൃക്കാക്കര പോലുള്ള സ്ഥലങ്ങൾ. എന്നാൽ ഇതുകൂടാതെ വേറെയുമുണ്ട് സ്ഥലങ്ങൾ. ഈ ഓണാവധിക്ക് ഓണപേരുള്ള ഗ്രാമ കാഴ്ച്ചകൾ കാണാൻ പോയാലോ.
ഓണപ്പറമ്പ്
കണ്ണൂരിലെ നാറാത്തു പഞ്ചായത്തിലാണ് ഓണപ്പറമ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പഴയകാലത്തിന്റെ ഒരു ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണിത്. ഓണക്കാലത്ത് ഇവിടെയെത്തിയാൽ നോക്കത്താദൂരത്ത് പലനിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ കാണാം. കക്കപ്പൂ, തുമ്പ, കൃഷ്ണ കിരീടം എന്നിങ്ങനെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന പൂക്കളെല്ലാം ഇവിടെയുമുണ്ട്. പണ്ടുകാലത്ത് ഈ പ്രദേശത്തേക്കാണ് കുട്ടികൾ പൂ പറിക്കാനായി എത്തിച്ചേർന്നിരുന്നത്. പയ്യന്നൂർ കുന്നരുവിലും ഓണപ്പറമ്പ് എന്നൊരു സ്ഥലം ഉണ്ട്.
ഓണക്കുന്ന്
കരിവെള്ളൂരിലെ ഓണക്കുന്ന് ഒരു വിചിത്ര ഗ്രാമമാണ്. ഓണം പ്രചാരത്തിലാകുന്നതിന് മുമ്പുതന്നെ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ നിലവിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ്, ചിറക്കൽ രാജാവിന്റെ സൈന്യം ഓണക്കുന്നിൽ വെച്ചാണത്ര ശത്രു സൈന്യത്തെ പരാജയപ്പെടുത്തിയത്. ഓണക്കുന്നിൽ വെച്ച് ടിപ്പു സുൽത്താനെയും പരാജയപ്പെടുത്തിയതായി പറയപ്പെടുന്നുണ്ട്. വിദേശ സൈന്യങ്ങളെ തടയുന്നതിൽ ഈ സ്ഥലം നിർണായക പങ്ക് വഹിച്ചതിനാൽ, ഇത് തടുതിട്ടക്കൊവ്വൽ എന്ന പേരിലും അറിയപ്പെടുന്നു.
ഇവിടെ എല്ലാ ആഴ്ചയിലും കാർഷികചന്ത നടന്നിരുന്നു. വിളകൾക്കൊപ്പം തീരദേശമേഖലയിൽ നിന്നും ഉണക്കമീനും ഈ ചന്തയിലേക്ക് കൊണ്ടുവരുമായിരുന്നു. ഉണക്ക് കുന്നുപോലെ കൂട്ടിയിട്ടിരുന്നതുകൊണ്ടാണ് ഓണക്കുന്നെന്ന പേരു വന്നതെന്നും ചിലർ പറയുന്നുണ്ട്.
തിരുവോണപ്പുറം
പണ്ട് കാലത്ത് എല്ലാ ദിവസവും തിരുവോണംനാൾ പോലെ ആഘോഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തിരുവോണപ്പുറം എന്നു പറയുന്നതെന്നുമാണ് ഈ നാടിൻ്റെ ഐതിഹ്യം. പേരാവൂരിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് വിഷ്ണുക്ഷേത്രവും അഗ്രഹാരങ്ങളും കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നു ഇത്. മഹാവിഷ്ണു ക്ഷേത്രമായിരുന്നു ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. മലയാള പഞ്ചാംഗം പ്രകാരം തിരുവോണം നാൾ നിശ്ചയിച്ചത് ഈ ഗ്രാമത്തിൽ ആയിരുന്നു എന്നും ഒരു പ്രചരണമുണ്ട്. ഇതാവട്ടെ പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണെന്നും വിശ്വാസമുണ്ട്.