Idukki Waterfalls: ഇടുക്കിയിലെ ഒഴുകിയെത്തുന്ന സൗന്ദര്യം; കാണണം കണ്ടിരിക്കണം ഈ വെള്ളച്ചാട്ടങ്ങൾ
Beautifull Waterfalls In Idukki: അവധിക്കാലമായാലും മഴക്കാലമായാലും യാത്ര പോകാൻ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വർഗഭൂമിയാണ് ഇടുക്കി. എന്നാൽ ഇവിടെ അധികമാരും സഞ്ചരിക്കാത്ത ചില വെള്ളച്ചാട്ടങ്ങളുണ്ട്. ഇടുക്കിയെ മിടുക്കിയാക്കുന്ന ആ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ഇടുക്കിയുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. അവധിക്കാലമായാലും മഴക്കാലമായാലും യാത്ര പോകാൻ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വർഗഭൂമി. കാടുകളും മലകളും മഞ്ഞും എല്ലാം കണ്ണിനെയും മനസിനെയും ഒരുപോലെ വിസ്മയിപ്പിക്കുന്നതാണ്. എന്നാൽ ഇവിടെ അധികമാരും സഞ്ചരിക്കാത്ത ചില വെള്ളച്ചാട്ടങ്ങളുണ്ട്. ഇടുക്കിയെ മിടുക്കിയാക്കുന്ന ആ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ആറ്റുകാട് വെള്ളച്ചാട്ടം
പള്ളിവാസലിനും മൂന്നാറിനും ഇടയിലാണ് ആറ്റുകാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെയാണിത്. മഴക്കാലത്ത് ആറ്റുകാട് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. രാവിലെ 9 മുതൽ വൈകിട്ട് 7:30 വരെ മാത്രമെ സന്ദർശനം അനുവദിക്കുകയുള്ളൂ.
ആനച്ചാടി കുത്ത് വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ആനച്ചാടി കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ആനച്ചാടി കുത്ത് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ആനയടികുത്ത് വെള്ളച്ചാട്ടം. തൊമ്മൻകുത്ത് ഇക്കോടൂറിസം പോയിൻ്റിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തൂവാനം വെള്ളച്ചാട്ടം
ചിന്നാർ വന്യജീവി സങ്കേതത്തിനകത്തുള്ള ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ഏകദേശം നൂറടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് അതിമനോഹരമാണ്. ആരോ അറിഞ്ഞിട്ട പേരുപോലെയാണ് തൂവാനം. പതഞ്ഞൊഴികിയെത്തുന്ന വെള്ളത്തിലേക്ക് നോക്കിയാൽ തൂവെള്ള നിറത്തിലുള്ള മാനത്തേക്ക് നോക്കുന്നത് പോലെയാണ്.
ലക്കം വെള്ളച്ചാട്ടം
മൂന്നാറിലെ വെള്ളച്ചാട്ടങ്ങളുടെ നീണ്ട പട്ടികയിലെ ഒരു പ്രധാന ജല വിസ്മയമാണ് ലക്കം വെള്ളച്ചാട്ടം. മറയൂരിനടുത്തുള്ള മലനിരകളിൽ നിന്ന് ഒഴുകുന്ന ജലപാതം പ്രകൃതി ദൃശ്യങ്ങളാൽ അതീവ സുന്ദരിയാണ്. മൂന്നാർ ബസ് സ്റ്റാൻഡിൽ നിന്ന് 7 കിലോമീറ്റർ മാത്രം ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം.
ചിന്നക്കനാൽ വെള്ളച്ചാട്ടം
മൂന്നാറിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചിന്നക്കനാൽ വെള്ളച്ചാട്ടം. മൂന്നാറിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 800 മീറ്റർ ഉയരത്തിൽ നിന്നാണ് ഈ ജലപാതം താഴേക്ക് പതിക്കുന്നത്. പച്ച മലനിരകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ വെള്ളച്ചാട്ടത്തിൻ്റെ ഉത്ഭവം ദേവികുളം നദിയിൽ നിന്നാണ്.