E-Passport: ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’; ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?
How To Apply E-Passport: നിലവിൽ നിങ്ങളുടെ പക്കലുള്ള പാസ്പോർട്ട് മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം ഇ-പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ മതിയാകും. അതുവരെ നിലവിലുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും.
ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’ സ്റ്റൈലിൽ. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ ഇനി മുതൽ ലഭ്യമാകുക. ഓരോ പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടും ഇനി ഇ-പാസ്‌പോർട്ടായിട്ടാണ് ലഭിക്കുക. പുതിയ തരം ഇ-പാസ്പോർട്ടിൽ ഒരു സുരക്ഷിതമായ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പും ആന്റിനയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാകും നിങ്ങളുടെ വ്യക്തിഗത, ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കുക.
നിലവിൽ നിങ്ങളുടെ പക്കലുള്ള പാസ്പോർട്ട് മാറ്റേണ്ട ആവശ്യമില്ല. പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ അല്ലെങ്കിൽ അതിലെ പേജുകൾ തീരുകയോ ചെയ്ത ശേഷം മാത്രം ഇ-പാസ്‌പോർട്ടിന് അപേക്ഷിച്ചാൽ മതിയാകും. അതുവരെ നിലവിലുള്ള പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കും. നിങ്ങൾ ഭാവിയിൽ പാസ്പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുമ്പോൾ പുതിയ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് ഓട്ടോമാറ്റിക്കായി ലഭിക്കുന്നതാണ്.
ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ട വിധം
ആദ്യം തന്നെ പാസ്‌പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ന്യൂ യൂസർ രജിസ്‌ട്രേഷൻ തിരഞ്ഞെടുക്കുക. ശേഷം പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുറക്കുക.
ലോഗിൻ ചെയ്ത ശേഷം Apply for Fresh Passport/Re-issue of Passport എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
Pay and Schedule Appointment ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങൾക്ക് സൗകര്യപ്രദമായ പാസ്‌പോർട്ട് സേവാ കേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക. തുടർന്ന് ഓൺലൈനായി പണം അടയ്ക്കുക.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക. അനുയോജ്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ALSO READ: വിമാന യാത്രയിൽ കൈവശം വയ്ക്കാൻ പാടില്ലാത്തത് എന്തെല്ലാം?; ശ്രദ്ധിക്കണേ
എല്ലാ ഒറിജിനൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (സെൽഫ് അറ്റസ്റ്റഡ് കോപ്പികൾ) ആയിട്ട് പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക. ഇവിടെ വെച്ച് നിങ്ങളുടെ രേഖകൾ പരിശോധിക്കും.
നിങ്ങളുടെ അപേക്ഷയുടെ തരം, വിലാസം എന്നിവ അനുസരിച്ച് പൊലീസ് വെരിഫിക്കേഷൻ ഉണ്ടാകും. വെരിഫിക്കേഷൻ സമയത്ത് നിങ്ങൾ താമസസ്ഥലത്ത് ഉണ്ടാകണം.
പാസ്‌പോർട്ട് സേവാ പോർട്ടലിൽ, നിങ്ങളുടെ ഫയൽ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ വിവരങ്ങൾ പരിശോധിക്കാം. അംഗീകാരം ലഭിച്ചാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് പാസ്‌പോർട്ട് അയച്ചുതരും.
ഇ-പാസ്‌പോർട്ടിന് ആവശ്യമായ രേഖകൾ
വിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ്, വോർട്ടർ ഐഡി, വൈദ്യുതി/വെള്ളം/ടെലിഫോൺ ബിൽ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വാടകക്കരാർ)
ജനനത്തീയതി തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്, സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്)
ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (പാൻ കാർഡ്, ആധാർ കാർഡ്, വോർട്ടർ ഐഡി)
പാസ്‌പോർട്ടിന് എത്രയാണ് ചെലവ്?
പാസ്‌പോർട്ടിന് മുതിർന്നവരുടെ (18 വയസിന് മുകളിൽ) 36 പേജുള്ള ബുക്ക്‌ലെറ്റിന് 1,500 രൂപയും (നോർമൽ), 3,500 രൂപയുമാണ് (തത്കാൽ) ചെലവാകുന്നത്. 60 പേജുള്ള ബുക്ക്‌ലെറ്റിന് 2,000 രൂപയും (നോർമൽ), 4,000 രൂപയുമാണ് (തത്കാൽ) ചെലവാകുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് 36 പേജുള്ള ബുക്ക്‌ലെറ്റിന് 1,000 രൂപയും (നോർമൽ), 3,000 രൂപയുമാണ് (തത്കാൽ) ഈടാക്കുന്നത്.