Munnar One Day Trip: ഒറ്റ ദിവസം മതി മൂന്നാർ കാണാൻ; ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ
Munnar One Day Travel: ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, കുണ്ഡല തടാകം, എക്കോ പോയിന്റ്, ചായ മ്യൂസിയം, പോത്തമേട് വ്യൂ പോയിന്റ് എന്നിവിടങ്ങൾ അധികമാരും എത്തിപ്പെടാത്ത ചില സ്ഥലങ്ങളാണ്. തണുപ്പുകാലം കഴിഞ്ഞാൽ നിലക്കുറിഞ്ഞി പൂക്കുന്നത് കാണാനാണ് സാധാരണയിലും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്.

Munnar
നിങ്ങൾ പെട്ടെന്ന് ഒരു യാത്ര പ്ലാൻ ചെയ്യുകയാണ്. ഒറ്റ ദിവസമാണ് മുന്നിലുള്ളത്. എങ്കിൽ നേരെ മൂന്നാറിന് വിട്ടോളൂ. ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലമാണ് മൂന്നാർ. അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ മൂന്നാർ. താപനില പുജ്യം ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ പുജ്യം ഡിഗ്രിയിലായിരുന്നു ഇന്നലത്തെ കാലാവസ്ഥ. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിരിക്കുകയാണ്. തണുപ്പ് വർധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞ് പാളികൾ കാണാനും തണുപ്പ് ആസ്വദിക്കാനുമാണ് ആളുകൾ ഒഴുകിയെത്തുന്നത്. കഴിഞ്ഞ സീസണിൽ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, കുണ്ഡല തടാകം, എക്കോ പോയിന്റ്, ചായ മ്യൂസിയം, പോത്തമേട് വ്യൂ പോയിന്റ് എന്നിവിടങ്ങൾ അധികമാരും എത്തിപ്പെടാത്ത ചില സ്ഥലങ്ങളാണ്. തണുപ്പുകാലം കഴിഞ്ഞാൽ നിലക്കുറിഞ്ഞി പൂക്കുന്നത് കാണാനാണ് സാധാരണയിലും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്. 2030ലാണ് ഇനി കുറിഞ്ഞി പൂക്കുന്നത് കാണാൻ സാധിക്കൂ.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിന് ഉള്ളിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത്. 2700 മീറ്ററോളം ഉയരത്തിലാണ് ഇത് നിൽക്കുന്നത്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടി കയറാനാകും.
ALSO READ: വട്ടവടയിലേയ്ക്കാണോ യാത്ര? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ… അല്ലെങ്കിൽ
മാട്ടുപ്പെട്ടി
മൂന്നാർ ടൗണിൽ നിന്ന് 12 കി. മീ. അകലെയാണ് മാട്ടുപ്പെട്ടി. 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിൽ അണക്കെട്ടാണ് പ്രധാന ആകർഷണം. ഈ തടാകത്തിൽ ബോട്ടിംഗിനും സൗകര്യമുണ്ട്. ഇൻഡോ-സ്വിസ്സ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്.
ചിന്നക്കനാലും ആനയിറങ്കലും
കടൽ നിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ് ചിന്നക്കനാലിലെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചിന്നക്കനാലിൽ നിന്നു 7 കി. മീ. യാത്ര ചെയ്താൽ ആനയിറങ്കലിൽ എത്താം. തേയിലത്തോട്ടങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ട പ്രദേശം അതിമനോഹരമാണ്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും ഇവിടെ കാണാനാകും.
ടോപ് സ്റ്റേഷൻ
മൂന്നാറിൽ നിന്ന് 32 കി. മീ. അകലെയാണ് ടോപ്‌സ്റ്റേഷൻ. മൂന്നാർ – കൊഡൈക്കനാൽ റോഡിൽ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരെയാണ് ഈ സ്ഥലം. തമിഴ്‌നാട് തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാൻ കഴിയും.