AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Malabar River Festival: ആവേശം വിതറാൻ മലബാർ റിവർ ഫെസ്റ്റിവൽ; പരിശീലനം തുടങ്ങി, കയാക്കിങ്ങിന് താല്പര്യമുള്ളവർ അറിയാൻ

Malabar River Festival Kayaking: രാജ്യത്തെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ രണ്ട് പ്രധാന വേദികളിലാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്. കോടഞ്ചേരി പുലിക്കയത്ത്, പുല്ലൂരാംപാറ ഇല്ലന്തുകടവ് എന്നിവിടങ്ങളിലാണ് ആവേശം വാനോളം ഉയർത്തി ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.

Malabar River Festival: ആവേശം വിതറാൻ മലബാർ റിവർ ഫെസ്റ്റിവൽ; പരിശീലനം തുടങ്ങി, കയാക്കിങ്ങിന് താല്പര്യമുള്ളവർ അറിയാൻ
KayakingImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 01 Jul 2026 | 09:53 PM

സാഹസിക സഞ്ചാരികൾക്കും കയാക്കിംഗ് പ്രേമികൾക്കും ഒരേപോലെ കാത്തിരിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് പതിപ്പിന് വേദിയൊരുങ്ങുകയാണ്. ജൂലൈ 30 മുതൽ സെപ്റ്റംബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ഈ കയാക്കിംഗ് മാമാങ്കം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും വലിയ ആവേശമാണ് സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ രണ്ട് പ്രധാന വേദികളിലാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്. കോടഞ്ചേരി പുലിക്കയത്ത്, പുല്ലൂരാംപാറ ഇല്ലന്തുകടവ് എന്നിവിടങ്ങളിലാണ് ആവേശം വാനോളം ഉയർത്തി ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്നത്.

ALSO READ: പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?

അന്താരാഷ്ട്ര രംഗത്ത് പ്രശസ്തരായ പ്രമുഖ കയാക്കർമാരാണ് ഇത്തവണ ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്നത്. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപായി തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ കേരളത്തിൽ എത്തിക്കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോടിൻ്റെ മണ്ണിൽ അവർ പരിശീലനവും തുടങ്ങിക്കഴിഞ്ഞു. ഇത്തവണ മത്സരത്തിനായി ആദ്യമെത്തിയ അന്താരാഷ്ട്ര കയാക്കർ ഇറ്റലിയിൽ നിന്നുള്ള ജിയോവാനി ജിയോർജി ആണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ നദികളിലെ ശക്തമായ അടിയൊഴുക്കുകളിലൂടെ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കയാക്കർമാർ അവരുടെ പരിശീലനം പൂർത്തിയാക്കി വരികയാണ്.

ആവേശം നിറയ്ക്കാൻ 4 ദിവസം

നാല് ദിവസങ്ങളിലായി നടക്കുന്ന പ്രധാന മത്സരങ്ങളിൽ അന്താരാഷ്ട്ര, ദേശീയ തലത്തിലുള്ള പ്രമുഖ മത്സരാർത്ഥികൾ മാറ്റുരയ്ക്കും. കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന വിസ്മയിപ്പിക്കുന്ന മത്സര ഇനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺറിവർ റേസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേസ് തുടങ്ങിയ ഇനങ്ങളാണ് ഇത്തവണ മത്സരരം​ഗത്തുള്ളത്. നദിയിലെ വേഗതയേറിയ ഒഴുക്കിനെ കീറിമുറിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്ന മികച്ച പുരുഷ-വനിതാ കയാക്കർമാർക്ക് ‘റാപ്പിഡ് രാജ’ (Rapid Raja), ‘റാപ്പിഡ് റാണി’ (Rapid Rani) എന്നീ അഭിമാന കിരീടങ്ങൾ സമ്മാനിക്കും.

കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് 12-ാമത് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (IKCA) സാങ്കേതിക പിന്തുണയും ഈ അന്താരാഷ്ട്ര മേളയ്ക്കുണ്ട്.

ഇന്ത്യയിൽ കയാക്കിംങ് നടത്തുന്ന സ്ഥലങ്ങൾ

ഋഷികേശ്, ഉത്തരാഖണ്ഡ്: ഇന്ത്യയിലെ ‘സാഹസിക തലസ്ഥാനം’ എന്നറിയപ്പെടുന്ന ഋഷികേശ് കയാക്കിംഗ് പ്രേമികളുടെ സ്വർഗ്ഗ ഭൂമിയാണ്. ഗംഗാ നദിയിലെ ശക്തമായ അടിയൊഴുക്കുകളും റാപ്പിഡുകളും തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ വെല്ലുവിളിയും ആവേശവും ഉയർത്തുന്നതാണ്.

മണാലി, ഹിമാചൽ പ്രദേശ്: മണാലിയിലെ ബിഗ് ബിയാസ് നദി വൈറ്റ് വാട്ടർ കയാക്കിംഗിന് വളരെ അനുയോജ്യമാണ്. ഹിമാലയൻ പശ്ചാത്തലത്തിലുള്ള കയാക്കിംഗ് മനോഹരമായ ഒരു അനുഭവമാണ് സമ്മാനിക്കുക.

കുടക്, കർണാടക: ദക്ഷിണേന്ത്യയിൽ സാഹസിക കയാക്കിംഗിന് പറ്റിയ മറ്റൊരു സ്ഥലമാണിത്. കുടകിലെ കാവേരി നദിയിലും അതിന്റെ പോഷകനദിയായ ബാരപോൾ നദിയിലുമുള്ള ശക്തമായ ഒഴുക്ക് മികച്ച കയാക്കിംങ് സ്പോട്ടാണ്.

ഗോവ: നദികളിലെ ഒഴുക്കിന് പുറമെ കടലിൽ കയാക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഗോവ മികച്ച ചോയ്‌സാണ്. കടലിലും സാൽ നദിയിലെ (Sal River) കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയും കയാക്കിംഗ് ചെയ്യാം.

English Summary:

Malabar River Festival is gearing up to give the right dose of adrenaline rush to freshwater kayaking enthusiasts from July 30 to September 2. Preparations for the international event are in their final phase.

Follow Us