Kerala Women Travel: 19 വർഷം വീട്ടമ്മയായി ഒതുങ്ങി, ഇനി നാടുകാണാം; രാജ്യം ചുറ്റികാണാനിറങ്ങിയ മൂന്ന് സ്ത്രീകൾ
Kerala Women Travel In Truck: 2018ലാണ് ജലജ ഹെവി ലൈസൻസ് നേടിയത്. അപ്പോഴാണ് തൻ്റെ വിവാഹ വാർഷികത്തിൽ ജമ്മുകശ്മീരിലേക്ക് ട്രക്കിൽ പോകണമെന്ന ആഗ്രഹം ജലജയുടെ ഉള്ളിൽ ഉരിത്തിരിഞ്ഞത്. എന്നാൽ വാഹനം ഓടിച്ചാൽ മാത്രമെ കൊണ്ടുപോകു എന്നായിരുന്ന ഭർത്താവിൻ്റെ ഡിമാൻഡ്.

Puthettu Travels
ഒരിക്കൽ ഭർത്താവിനോട് തോന്നിയ കുശുമ്പാണ് ഒടുവിൽ ജലജയെ ട്രക്ക് ഡ്രൈവറാക്കി മാറ്റിയത്. വീട്ടിൽ ഒതുങ്ങി നിന്നാൽ നിങ്ങൾക്ക് ഒരിക്കലും ലോകം കാണാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ജലജയും സൂര്യയും ദേവികയും ഇപ്പോൾ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും താണ്ടിക്കഴിഞ്ഞു. 19 വർഷം ഒരു വീട്ടമ്മയായി ഒതുങ്ങികൂടിയ ജലജ പിന്നീട് നാടുകാണാനുള്ള മോഹവുമായി പുറംലോകത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു.
പുത്തേട്ടു ട്രാവൽസ് എന്ന പേര് പലർക്കും പരിചിതമാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായതാണ് മൂന്ന് സ്ത്രീകളുടെ പര്യടനം. പുത്തേട്ട് കുടുംബത്തിൽ മൂന്ന് സ്ത്രീകളാണ് ഇന്ന് ട്രക്ക് ഡ്രൈവർമാരായിട്ട് ഉള്ളത്. ജലജ, അനുജൻ രാജേഷിന്റെ ഭാര്യ സൂര്യ ജലജയുടെ മകൾ ദേവിക. തൻ്റെ 20ാമത്തെ വയസ്സിൽ തന്നെ ദേവിക ഹെവി ലൈസൻസ് സ്വന്തമാക്കി.
2018ലാണ് ജലജ ഹെവി ലൈസൻസ് നേടിയത്. അപ്പോഴാണ് തൻ്റെ വിവാഹ വാർഷികത്തിൽ ജമ്മുകശ്മീരിലേക്ക് ട്രക്കിൽ പോകണമെന്ന ആഗ്രഹം ജലജയുടെ ഉള്ളിൽ ഉരിത്തിരിഞ്ഞത്. എന്നാൽ വാഹനം ഓടിച്ചാൽ മാത്രമെ കൊണ്ടുപോകു എന്നായിരുന്ന ഭർത്താവിൻ്റെ ഡിമാൻഡ്. ഇത് അംഗീകരിച്ച ജലജ ഡ്രൈവിങ് സീറ്റിലേക്ക് എത്തി. അങ്ങനെ അവർ യാത്ര തുടർന്നു.
നീണ്ട 15ാം ദിവസം ലോഡുമായി ട്രക്ക് കശ്മീരിലെത്തി. അന്ന് തുടങ്ങിയ ആ ഓട്ടം ഇന്ന് എത്തിനിൽക്കുന്നത് 22 സംസ്ഥാനങ്ങളും ലഡാക്ക് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും പിന്നിട്ടുകൊണ്ടാണ്. എന്നാൽ യാത്ര അത്ര നിസാരമല്ല. പോകുന്ന വഴിയിൽ നിരവധി തടസങ്ങളെ മറികടന്നാണ് അവർ പോകുന്നത്.
ലോഡുള്ളതിനാൽ ഇടയ്ക്ക് പിടിച്ചിടുകയും, ചില സമയങ്ങളിൽ മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളെ മുഖാമുഖം കാണേണ്ടിയും വന്നേക്കാം. സ്ത്രീകളുടേതായ ബുദ്ധമുട്ടുകളും അവർ നേരിടുന്നുണ്ട്. യാത്ര തുടങ്ങിയാൽ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ രാവും പകലും ഒറ്റ ഓട്ടമാണ്. ഇടയ്ക്കു ഭർത്താവിന് സ്റ്റിയറിങ് കൈമാറി കാബിനിൽ കിടന്ന് ഉറങ്ങും. പെട്രോൾ പമ്പുകളിലെ ശുചിമുറിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിക്കുന്നത്. അതിനുള്ള സൗകര്യം ലോറിയിൽ തന്നെയുണ്ട്.